ഗുജറാത്തിനെ തകർത്തു; രഞ്ജിയിൽ കേരളത്തിന് ചരിത്രജയം: ആവേശം

ranji-trophy-cricket-kerala
SHARE

വയനാട്ടില്‍ ചരിത്രം കുറിച്ച് കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയില്‍ ആദ്യമായി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ 113 റണ്‍സിന്  തകര്‍ത്തു. കേരളത്തിന്റെ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 81 റണ്‍സിന് പുറത്തായി. പേസര്‍ ബോളര്‍മാരായ സന്ദീപ് വാരിയര്‍, ബേസില്‍ തമ്പി, എം.ഡി.നിഥീഷ് എന്നിവരുടെ പ്രകടനമാണ് കേരളത്തിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബേസില്‍ തമ്പിയും സന്ദീപ് വാരിയറും എട്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യഇന്നിങ്സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്ത കേരളം രണ്ടാം ഇന്നിങ്സില്‍ 171 റണ്‍സാണ് എടുത്തത്.  23 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് കേരളത്തിന് നേടാനായതും  മല്‍സരത്തില്‍ നിര്‍ണായകമായി. വിദർഭ–ഉത്തരാഖണ്ഡ് ക്വാർട്ടർ വിജയികളുമായാണ് കേരളത്തിന്റെ സെമി പോരാട്ടം.

 മൽസരത്തിലാകെ എട്ടു വിക്കറ്റ് വീഴ്ത്തിയതിനു പുറമെ ഒന്നാം ഇന്നിങ്സിൽ 33 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 37 റൺസെടുത്ത് കേരളത്തിന്റെ ടോപ് സ്കോററായ ബേസിൽ തമ്പിയാണ് വിജയശിൽപികളിൽ ഒന്നാമൻ. രണ്ടാം ഇന്നിങ്സിൽ കൂട്ടത്തകർച്ചയ്ക്കിടയിലും പൊരുതി നേടിയ അർധസെഞ്ചുറിയുമായി കേരളത്തിന് ഭേദപ്പെട്ട ലീഡ് ഉറപ്പാക്കിയ സിജോമോൻ ജോസഫിനും കൊടുക്കണം, കയ്യടി. ജലജ് സക്സേന, വിനൂപ് മനോഹരൻ, സന്ദീപ് വാരിയർ തുടങ്ങിയവരുടെ സംഭാവനകളും കാണാതെ പോകുന്നതെങ്ങനെ! ഇവർക്കൊപ്പം ടീമിന്റെ ആത്മവിശ്വാസം ഊതിക്കത്തിച്ച് ചരിത്രവഴിയിലേക്കു നയിച്ച ഇതിഹാസ പരിശീലകൻ ഡേവ് വാട്മോറിനും നൂറു മാർക്ക്.

മൂന്നാമനായി ക്രീസിലെത്തി പുറത്താകാതെ നിന്ന രാഹുൽ ഷാ മാത്രമാണ് ഗുജറാത്ത് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 70 പന്തുകൾ നേരിട്ട ഷാ നാലു ബൗണ്ടറികളുടെ അകമ്പടിയോടെ 33 റൺസെടുത്തു. കേരളത്തെ വിറപ്പിക്കുമെന്നു കരുതിയ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ ഒറ്റ പന്തു മാത്രം നേരിട്ട് റണ്ണൗട്ടായി. കതൻ പട്ടേൽ (21 പന്തിൽ അഞ്ച്), പ്രിയങ്ക് പഞ്ചൽ (14 പന്തിൽ മൂന്ന്), പാർഥിവ് പട്ടേൽ (പൂജ്യം), റുജുൽ ഭട്ട് (പൂജ്യം), ധ്രുവ് റാവൽ (33 പന്തിൽ 17), കലാരിയ (ഒൻപതു പന്തിൽ രണ്ട്), അക്സർ പട്ടേൽ (ആറു പന്തിൽ രണ്ട്), പിയൂഷ് ചാവ്‌ല (ഏഴു പന്തിൽ നാല്), ചിന്തൻ ഗജ (നാലു പന്തിൽ ഒന്ന്), നഗ്വാസ്‍‌‍വല്ല (നാല്) എന്നിങ്ങനെയാണ് ഗുജറാത്ത് താരങ്ങളുടെ രണ്ടാം ഇന്നിങ്സിലെ പ്രകടനം. 12 ഓവർ ബോൾ ചെയ്ത ബേസിൽ, 27 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. സന്ദീപ് വാരിയർ 13.3 ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.

സ്കോർ: കേരളം – 185/9, 171. ഗുജറാത്ത് – 162, 81

നേരത്തെ, രണ്ടാം ഇന്നിങ്സിൽ 171 റൺസിനു പുറത്തായ കേരളം, ഒന്നാം ഇന്നിങ്സ് ലീഡായ 23 റൺസ് കൂടി ചേർത്താണ് സന്ദർശകർക്കു മുന്നിൽ 195 റൺസ് വിജയലക്ഷ്യമുയർത്തിയത്. ഒന്നാം ഇന്നിങ്സിൽ പരുക്കുമായി തിരിച്ചുകയറിയ സഞ്ജു സാംസണിനെ വരെ പത്താമനായി കളത്തിലിറക്കിയാണ് കേരളം രണ്ടാം ഇന്നിങ്സിൽ 171 റൺസ് നേടിയത്. ക്വാർട്ടർ കടമ്പ കടക്കാൻ പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് നാലാം ഇന്നിങ്സിൽ നേടേണ്ടത് ഈ മൽസരത്തിലെ ഉയർന്ന സ്കോറാണ്. കേരളം ഒന്നാം ഇന്നിങ്സിൽ 185 റൺസും രണ്ടാം ഇന്നിങ്സിൽ 171 റൺസും േനടിയപ്പോൾ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 162 റൺസിനു പുറത്തായിരുന്നു

പേസ് ബോളർമാരുടെ പറുദീസയായി മാറിയ കൃഷ്ണഗിരിയിലെ പിച്ചിൽ പൊരുതിനിന്ന് അർധസെഞ്ചുറി നേടിയ സിജോമോൻ ജോസഫാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 148 പന്തുകൾ നേരിട്ട സിജോമോൻ, എട്ടു ബൗണ്ടറി സഹിതം 56 റൺസെടുത്തു. ജലജ് സക്സേന (67 പന്തിൽ ഏഴു ബൗണ്ടറി സഹിതം പുറത്താകാതെ 44), ക്യാപ്റ്റൻ സച്ചിൻ ബേബി (43 പന്തിൽ 24), വിനൂപ് ഷീല മനോഹരൻ (27 പന്തിൽ 16), പി.രാഹുൽ (32 പന്തിൽ 10) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഗുജറാത്തിനായി റൂഷ് കലാരിയ, അക്സർ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നഗ്വാസ്‌വല്ല രണ്ടും ചിന്തൻ ഗജ, പിയൂഷ് ചാവ്‌ല എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 96 റൺസിനിടെ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്, ആറാം വിക്കറ്റിൽ സിജോമോൻ ജോസഫ്–ജലജ് സക്സേന സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് (55) കരുത്തായത്. നാലു വിക്കറ്റിന് 149 റൺസ് എന്ന നിലയിൽനിന്ന കേരളത്തിന് വെറും 22 റൺസിനിടെയാണ് ശേഷിച്ച ആറു വിക്കറ്റുകൾ നഷ്ടമായത്.

മുഹമ്മദ് അസ്ഹറുദ്ദീൻ (പൂജ്യം), വിഷ്ണു വിനോദ് (ഒൻപത്), ബേസിൽ തമ്പി (പൂജ്യം), എം.ഡി. നിധീഷ് (പൂജ്യം), സന്ദീപ് വാരിയർ (പൂജ്യം), സഞ്ജു സാംസൺ (പൂജ്യം) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.