എസ്ബിഐ ആക്രമണം; എൻജിഒ യൂണിയൻ നേതാക്കൾ റിമാൻഡിൽ

sbi-attack-new-tvm
SHARE

തിരുവനന്തപുരം എസ്.ബി.ഐ ബാങ്ക് അക്രമണ കേസിലെ പ്രതികളായ എൻജിഒ യൂണിയൻ ആറ് നേതാക്കൾ റിമാൻഡിൽ. സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം ആറ് പേർ ഇന്നലെ  കന്റോൺമെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.  

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനമാണ് സെക്രട്ടേറിയറ്റിന് സമീപം തുറന്ന് പ്രവർത്തിച്ച എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾ അതിക്രമിച്ച് കയറി അടിച്ച് തകർത്തത്. സി.പി.എമ്മുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന നേതാക്കൾ അന്ന് മുതൽ ഒളിവിൽ പോയിരുന്നു. പാർട്ടിയാണ് സംരക്ഷണം ഒരുക്കുന്നതന്ന് ആരോപണം ഉയർന്നു. എന്നാൽ ആറ് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി ഇന്നലെ കീഴടങ്ങുകയായിരുന്നു. 

എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനിൽകുമാർ ,നേതാക്കയെ സുരേഷ് ,ശ്രീവൽസൻ ,ബിജുരാജ് , വിനു കുമാർ എന്നിവരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. സി.പി.എമ്മിലെ ചില നേതാക്കളുടെ സഹായത്തിൽ ഒളിവിൽ കഴിഞ്ഞ് കേസ് ഒത്തു തീർക്കാൻ പ്രതികൾ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇവർ ജോലി ചെയ്യുന്ന സർക്കാർ ഓഫീസുകളിൽ നോട്ടീസ് നൽകിയും വീടുകളിൽ തിരച്ചിൽ നടത്തിയും പൊലീസ് സമ്മർദം ശക്തമാക്കുകയും ഒത്തുതീർപ്പിന് ബാങ്ക് വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് കീഴടങ്ങൽ. 

നേരത്തെ രണ്ട് പേർ പിടിയിലായതോടെ ആകെയുള്ള 9 പ്രതികളിൽ 8 പേരും പിടിയിലായി. അവശേഷിക്കുന്ന അജയകുമാറിന് അക്രമണത്തിൽ പങ്കില്ലന്നാണ് പിടിയിലായവർ മൊഴി നൽകിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച് ഇക്കാര്യം ഉറപ്പ് വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്പെക്ടർ അനിൽ കുമാർ ,എസ്. ഐ ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

MORE IN BREAKING NEWS
SHOW MORE