അപ്രതീക്ഷിതമായി വിരമിച്ച് അനസ് എടത്തൊടിക; ആരാധകർക്ക് ഞെട്ടൽ

anas-edathodika-1
SHARE

മലയാളി ഫുട്ബോള്‍ താരം അനസ് എടത്തൊടിക വിരമിച്ചു. ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തീരുമാനം ഏറെ ദുഃഖത്തോടെയെന്നും അനസ് ട്വിറ്ററില്‍ കുറിച്ചു. വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, തിങ്കളാഴ്ച ബഹ്റൈനെതിരെ നടന്ന മൽസരത്തിന്റെ തുടക്കത്തിൽത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മൽസരം തോറ്റ ഇന്ത്യ‍ ടൂർണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

സർവകലാശാലാ ടീമിൽ പോലും അംഗത്വം ലഭിക്കാതിരുന്ന കൊണ്ടോട്ടിക്കാരൻ അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒരു കോടി രൂപ വിലയുള്ള കളിക്കാരനായി ഉയരങ്ങളിലെത്തുന്ന കാഴ്ചയാണ് കായിക കേരളം കണ്ടത്. 

ജീവിതരേഖ(ഫയലില്‍ നിന്ന്): സർവകലാശാലാ ടീമിൽ പോലും അംഗത്വം ലഭിക്കാതിരുന്ന കൊണ്ടോട്ടിക്കാരൻ അനസ് എടത്തൊടിക ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒരു കോടി രൂപ വിലയുള്ള കളിക്കാരനായി മാറിയിരുന്നു. പന്തുകളിയും മാപ്പിളപ്പാട്ടും ജുഗൽബന്ദി നടത്തുന്ന ആ കൊച്ചു പ്രദേശത്ത് കൊണ്ടോട്ടി ഗവ. യുപി സ്കൂളിൽ വിദ്യാർഥിയായിരുന്നു അനസ്. ഇഎംഇഎ ഹയർ സെക്കൻഡറി സ്കൂളിലേക്ക് കയറിയപ്പോൾ കളിക്കമ്പം കൂടി. എന്നാൽ കൂട്ടുകാർ പിടിച്ച് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാക്കി. ക്രിക്കറ്റ് കളിച്ചു നടന്ന പയ്യൻ സാമൂഹിക ശാസ്ത്രാധ്യാപകനായ മുൻ ജില്ലാ ഫുട്ബോൾ താരം സി.ടി. അജ്മലിന്റെ ശ്രദ്ധ ആകർഷിച്ചു. പന്ത് കളിയാണ് കൊച്ചു അനസിന് പാകമെന്ന് മാസ്റ്റർക്കു തോന്നി, ഉപദേശിച്ചു.

സ്കൂളിലെന്നപോലെ മുണ്ടപ്പാലം പാണാളി മൈതാനത്തും പിറ്റേന്നു തന്നെ പന്തുകളിയിലേക്കു തിരിഞ്ഞ അനസിനു ഒരു ജോഡി ബുട്ടുമായി ആ അധ്യാപകൻ തന്നെ എത്തി. സാറിന്റെ നാടായ അരിമ്പ്ര നെഹ്റു യൂത്ത് ക്ലബിനും കളിച്ചു. പ്ലസ്ടു കഴിഞ്ഞ് ഇഎംഇഎ കോളജിലെത്തിയപ്പോൾ പക്ഷേ കോളജ് ടീമിൽ അംഗത്വം കിട്ടിയില്ല. പിന്നെ ഓരോ കളിക്കും പണം കിട്ടുന്ന സെവൻസ് ടൂർണമെന്റുകളായി ആകർഷണം. പരുക്കുകളേറെ ഏൽക്കാനിടയുള്ള സെവൻസിൽ കളിച്ച് ഭാവി നഷ്ടപ്പെടുത്തരുതെന്നു ഉപദേശിച്ചത് മാസ്റ്റർ തന്നെയായിരുന്നു. മുംബൈയിലെ കുപ്പറേജും കൊൽക്കത്തയിലെ സാൾട്ട്‌ലേക്കും മനസ്സിലേക്കദ്ദേഹം എറിഞ്ഞുകൊടുത്തു.

ജ്യേഷ്ഠൻ അഷ്റഫിന്റെ പ്രോൽസാഹനവും അനസിനു ഏറെ കിട്ടിയിരുന്നു. എന്നാൽ കുടുംബത്തിലെ അത്താണിയായിരുന്ന കുഞ്ഞാക്ക രക്താർബുദം പിടിപെട്ടു മരണപ്പെട്ടതോടെ കളി നിർത്തിയാലോ എന്നുപോലും അനസിനു തോന്നിപ്പോയി. അനസും ഓട്ടോയിൽ കൈവച്ചു തുടങ്ങി.

കളിയിൽ നിന്നു പക്ഷേ തീർത്തും അകന്നുനിൽക്കാൻ ആ യുവ ഫുട്ബോളർക്ക് സാധിച്ചില്ല. മഞ്ചേരി എൻഎസ്എസ് കോളജിൽ ഡിഗ്രിക്കു ചേർന്ന അനസിന്റെ സാന്നിധ്യത്തിൽ കോളജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോൾ ചാംപ്യൻമാരായി. കോളജിൽ പരിശീലകനായിരുന്ന മുൻ ഇന്ത്യൻ ഗോൾ കീപ്പർ ഫിറോസ് ശരീഫ്, രക്ഷാനിരയിൽ കളിക്കുന്ന ആ പയ്യനിൽ ഒരു വലിയ ഭാവി കണ്ടു.

മുംബൈ എഫ്സി എന്ന ഐഎസ്എൽ ടീം കളിക്കാരെ തിരഞ്ഞെടുക്കുന്നതിനായി ട്രയൽസ് നടത്തുന്നുവെന്നറിഞ്ഞപ്പോൾ. ഒരു യൂണിവേഴ്സിറ്റി ജഴ്സി കൂടി ലഭിക്കാതിരുന്ന അനസിനെ മുംബൈയിലേക്കു കയറ്റിവിട്ടു ഫിറോസ്. അവിടെ ഇംഗ്ലിഷ് കോച്ച് ഡേവിഡ് ബൂത്തിനു ആ പയ്യന്റെ കളി ഏറെ പിടിച്ചു. ഐ ലീഗിലെ രണ്ടാം ഡിവിഷൻ ടീമിൽ അനസ് എന്ന മലയാളിക്കും സ്ഥാനം ലഭിച്ചു. ടീം, ആ വർഷം തന്നെ ഒന്നാം ഡിവിഷനിലേക്കു കയറിയപ്പോൾ മൂന്നു വർഷത്തെ കരാർ ആ യുവാവിനെ അന്വേഷിച്ചെത്തി.

2011ൽ പുണെ എഫ്സിയിലേക്കു കൂറുമാറിയ അനസ് 2015 വരെ അവർക്കുവേണ്ടി ഇംഗ്ലിഷ് ക്ലബ് ബ്ലാക്ക് ബേൺ റോവേഴ്സിനെതിരെയടക്കം രണ്ടു ഡസനോളം മൽസരത്തിൽ പങ്കെടുത്തു. പുണെ ടീമിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം ഡൽഹി ഡൈനാമോസ് പിടികൂടിയ ആ സ്റ്റോപ്പർ ബാക്ക് വെസ്റ്റ് ബ്രോംവിച്ച് എന്ന ഇംഗ്ലിഷ് ക്ലബിനെതിരെ അടക്കം ഇരുപതിലേറെ മൽസരത്തിൽ ബൂട്ട്കെട്ടി ഇറങ്ങി. ഏഷ്യൻ ടീമിൽ കളിച്ചതായി താൻ കേട്ടിട്ടു മാത്രമുള്ള പഞ്ചാബുകാരൻ ജർണയിൽ സിങ്ങിന്റെ പേരിലുള്ള മികച്ച ഡീപ് ഡിഫൻഡർക്കുള്ള അവാർഡ് അതോടെ അനസിന്റെ കൈകളിലെത്തി.

രണ്ടു സീസണുകളിൽ 40 ലക്ഷം രൂപയിൽ അനസ് ഡൽഹിയിൽ സ്ഥിരപ്പെട്ടു. അന്ന് ആ റേഞ്ചിൽ വന്ന മറ്റു മൂന്നു ഇന്ത്യക്കാർ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഇന്ത്യൻ പൗരത്വമുള്ള ജപ്പാൻകാരൻ അറാത്തജസുമിയും ഇന്റർ നാഷണൽ റോബിൻസിങ്ങും മാത്രമായിരുന്നു. ബ്രസീലിയൻ ഉരുക്കുകോട്ട എന്നറിയപ്പെടുന്ന റോബർട്ടോ കാർലോസിനൊപ്പം പ്രതിരോധം തീർക്കാൻ കോച്ച് അനസിനെ സ്ഥിരക്കാരനാക്കി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.