എസ്.ബി.ഐ ആക്രമണം: റിമാന്‍ഡിലായ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

sbi-attack-new-tvm
SHARE

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച എൻ.ജി.ഒ യൂണിയന്‍ നേതാക്കൾക്ക് സസ്പെൻഷൻ. ഇന്നലെ റിമാൻഡിലായ അശോകന്‍ , ഹരിലാല്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ട്രഷറി വകുപ്പാണ് അശോകനെ സസ്പെൻഡ് ചെയ്തത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറാണ് ഹരിലാലിനെതിരെ നടപടിയെടുത്തത്. 

പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്ത് എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച ഇടത് നേതാക്കള്‍ ഒളിവില്‍ കഴിയുന്നത് പാര്‍ട്ടി സംരക്ഷണത്തിലെന്ന സംശയം ബലപ്പെടുന്നു. രണ്ട് പ്രതികളുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ നഗരത്തിലെ വഴുതക്കാടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഈ നിഗമനത്തിലേക്കെത്തുന്നത്. കീഴടങ്ങാന്‍ സമ്മര്‍ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതികളെ ജോലിക്ക് കയറ്റരുതെന്ന് കാണിച്ച് വകുപ്പ് മേധാവികള്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.

എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടത് നേതാക്കളുമായ ഏഴ് പ്രതികളാണ് ഇനി പിടിയിലാകാനുള്ളത്. ഇതില്‍ അഞ്ച് പേരുടെ മൊബൈലുകള്‍ സ്വിച്ചഡ് ഓഫാണ്. രണ്ട് പേരുടെ മൊബൈല്‍ ലൊക്കേഷന്‍ ചില സമയങ്ങളില്‍ തിരുവനന്തപുരം നഗരമധ്യത്തിലെ വഴുതക്കാടെന്ന് കണ്ടെത്തി. എന്നാല്‍ വീട്ടിലോ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലോ എത്തിയിട്ടുമില്ല. മറ്റ് ദൂരസ്ഥലങ്ങളിലേക്ക് മാറിയതായും തെളിവില്ല. ഇതോടെയാണ് പാര്‍ട്ടി കേന്ദ്രങ്ങളിലോ അവര്‍ ഒരുക്കിയ ഇടങ്ങളിലോ ആവാം പ്രതികള്‍ കഴിയുന്നതെന്ന് സംശയം പൊലീസിന് ബലപ്പെട്ടത്. എങ്കിലും പിടികൂടാനുള്ള നടപടി ശക്തമാക്കുമെന്നാണ് പൊലീസിന്റെ ഉറപ്പ്.

പ്രതികള്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഓഫീസിലെ വകുപ്പ് മേധാവികള്‍ക്ക് നോട്ടീസ് നല്‍കും. ഓഫീസിലെത്തിയാല്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും കീഴടങ്ങാന്‍ നിര്‍ദേശിക്കണമെന്നുമാണ് നോട്ടീസിലെ ആവശ്യം. എന്നാല്‍ ബാങ്ക് വഴങ്ങിയിട്ടില്ലങ്കിലും ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ സി.പി.എം നേതാക്കള്‍ മുഖേനെ സജീവമായി തുടരുന്നുണ്ട്. ഇതില്‍ തീരുമാനമാകും വരെ അറസ്റ്റും കീഴടങ്ങലും വൈകിപ്പിക്കാനുളള രാഷ്ട്രീയസമ്മര്‍ദവും ശക്തമാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.