പ്രവചനാതീതമായി പൊന്നാപുരം കോട്ട; കണ്ണും നട്ട് എൽ.ഡി.എഫ്, ലീഗിന് നിർണായകം

ET-Muhammed-Basheer-Electio
SHARE

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ മുസ്ലീംലീഗ് കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തീരദേശമേഖലയില്‍ ഇടതുപക്ഷമുണ്ടാക്കിയ മുന്നേറ്റവും ശബരിമല വിഷയവുമെല്ലാം പൊന്നാനിയുടെ ഫലത്തെ പ്രവചനാതീതമാക്കുമെന്നാണ് വിലയിരുത്തല്‍.   

2009 മുതലാണ്  പൊന്നാനിക്കോട്ടയില്‍ വിള്ളലുണ്ടായത്.  ‌ലോക്സഭ തിരഞ്ഞെടുപ്പുഫലം വരുബോള്‍ ലീഗ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ലക്ഷമെത്തുന്ന പതിവ് മാറി. 2009 ല്‍ 82,684 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2014 ആയപ്പോള്‍ 25,410 ആയി കുറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍  തീരദേശമണ്ഡലങ്ങളിലെല്ലാം ഇടതുമുന്നേറ്റം പ്രകടമായിരുന്നു. പൊന്നാനി നിയമസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ 2011ലെ 4101 വോട്ടിന്റെ ഭൂരിപക്ഷം 2016 ആയപ്പോള്‍ 15,640 ആയി വര്‍ധിച്ചു. തവനൂരില്‍ 6,854 വോട്ടിന്റെ ഭൂരിപക്ഷം 17,640 ആയി. പരമ്പരാഗത ലീഗ് മണ്ഡലമായ താനൂരില്‍ 9,433 വോട്ടിന് വിജയിച്ച ലീഗ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,918 വോട്ടിന് തോറ്റു.

30,208 ഭൂരിപക്ഷമുണ്ടായിരുന്ന തിരുരങ്ങാടിയില്‍ 6,043 വോട്ടിന് ലീഗ് സ്ഥാനാര്‍ഥി രക്ഷപ്പെട്ടു. തിരൂരില്‍ ലീഗ് സ്ഥാനാര്‍ഥിക്കുണ്ടായിരുന്ന 23,566 വോട്ട് 7061 ആയി കുറഞ്ഞു. പൊന്നാനിയിലെ വോട്ടര്‍മാരില്‍ നാലില്‍ മൂന്നു ഭാഗവും ന്യൂനപക്ഷമാണെങ്കിലും പഴയ പിന്തുണ കിട്ടുന്നില്ലെന്നത് ലീഗിനെ ചിന്തിപ്പിക്കുന്നുണ്ട്. വെല്ലുവിളികളെ നേരിടാന്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ തന്നെ രംഗത്തിറക്കാനാണ് ആലോചന.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പഴയ കോണ്‍ഗ്രസുകാരനായ വി. അബ്ദുറഹിമാന് ലഭിച്ച പിന്തുണ ഇപ്രാവശ്യം നിലനിര്‍ത്തുകയാണ് ഇടതുമുന്നണിക്ക് മുന്നിലുളള പരീക്ഷണം. ശബരിമല വിവാദങ്ങള്‍ക്ക് പിന്നാലെ ഭൂരിപക്ഷവിഭാഗങ്ങളുടെ രാഷ്ട്രീയ നിലപാടും ഇടതുപക്ഷത്തിന് വെല്ലുവിളിയാണ്.

  2004ല്‍ കേരളത്തിലെ 19 മണ്ഡലങ്ങളും യു.ഡി.എഫിനെ കൈവിട്ടപ്പോഴും പൊന്നാനി മാത്രമാണ് കൂടെ നിന്നത്. പൊന്നാപുരം കോട്ട നഷ്ടമാകുന്നത് ലീഗ് ചിന്തിക്കാനാവില്ല. എല്‍.ഡി.എഫിനാണെങ്കില്‍ പൊന്നാനി പിടിച്ചാല്‍ എല്ലാമായി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.