ദേശീയ രാഷ്ട്രീയം കാതോർക്കുന്ന സഖ്യപ്രഖ്യാപനം ഇന്ന്; ആകാംക്ഷ

akhilesh-yadav-mayawati
SHARE

സമാജ്‍വാദി പാര്‍ട്ടി – ബിഎസ്പി സഖ്യം ധാരണ പ്രഖ്യാപിക്കാന്‍ അഖിലേഷ് യാദവിന്‍റെയും മായാവതിയുടെയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന്. ഉച്ചയ്ക്ക് 12 നാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ക്ക് വഴി തുറക്കുന്ന വാര്‍ത്താസമ്മേളനം. ചിരവൈരികളായ മായാവതിയും അഖിലേഷും കൈകോര്‍ക്കുമ്പോള്‍ പക്ഷെ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ തയ്യാറായിട്ടില്ല. 

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തിന്‍റെ രാഷ്ട്രീയത്തില്‍ ഏറെ വഴിത്തിരിവാകുന്ന വാര്‍ത്താസമ്മേളനം. ബിജെപി വിരുദ്ധ മഹാസഖ്യം യാഥാര്‍ഥ്യമാകാന്‍ നിര്‍ണായകമായ ഒരു ചുവടുകൂടി. ഇതുവരെയുള്ള സൂചനകള്‍ അനുസരിച്ച് പക്ഷെ, കോണ്‍ഗ്രസ് പടിക്കുപുറത്താണ്. ജാട്ട് നേതാവ് അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡിയും ഒബിസികള്‍ക്കിടിയില്‍ സ്വാധീനമുള്ള നിഷാദ് പാര്‍ട്ടിയും കൃഷ്ണ പാട്ടീലിന്‍റെ അപ്നാദള്‍ വിഭാഗവും എസ്പി– ബിഎസ്പി കൂട്ടുകെട്ടിനൊപ്പമുണ്ട്. ബിഎസ്പിയും എസ്പിയും 37 സീറ്റുകളില്‍ വീതം മല്‍സരിക്കും. ഒപ്പമുള്ള ചെറുപാര്‍ട്ടികള്‍ക്കായി നാല് സീറ്റ് മാറ്റിവയ്ക്കും. ഗാന്ധി കുടുംബത്തിന്‍റെ സ്വന്തം മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. സഖ്യധാരണയെക്കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങിനെയാണ്. ബിജെപിയുടെ കുതിപ്പില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകാന്‍ തുടങ്ങിയെന്ന് മനസിലായതോടെയാണ് എസ്പിയും ബിഎസ്പിയും ശത്രുതയുടെ കണക്കുപുസ്തകം അടച്ചുവെച്ചത്. 

മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നിച്ച് നീങ്ങിയപ്പോള്‍ ജയം ഒപ്പം നിന്നു. ബിജെപിക്ക് തിരിച്ചടിയേറ്റു. സഖ്യം യാഥാര്‍ഥ്യമായാല്‍ ബിജെപിക്ക് 30 സീറ്റുകള്‍ വരെ നഷ്ടമാകുമെന്ന് ബിജെപി ദേശീയനേതൃത്വം തന്നെ വിലയിരുത്തുന്നുണ്ട്. 1993 ല്‍ മായാവതിയും മുലായം സിങ്ങും ഒന്നിച്ചു നിന്നു.1995ല്‍ മയാവതിക്കുനേരെ എസ്.പി പ്രവര്‍ത്തകര്‍ ആക്രമണത്തിന് തുനി‍ഞ്ഞപ്പോള്‍ സഖ്യം കലഹത്തില്‍ കലാശിച്ചു. ബിജെപിക്കൊപ്പം ചേര്‍ന്ന് മായാവതി മുലായത്തെ വീഴ്ത്തി. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.