എസ്ബിഐ ആക്രമണം; പൊലീസ് ഒഴിവാക്കാൻ ശ്രമിച്ച സംസ്ഥാന നേതാവ് പ്രതിപ്പട്ടികയിൽ

sbi-attack-new-tvm
SHARE

പണിമുടക്ക് ദിനത്തില്‍ എസ്ബിഐ തിരുവനന്തപുരം ട്രഷറി ശാഖയിലെ ആക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് ഒഴിവാക്കാൻ ശ്രമിച്ച എൻജിഒ യൂണിയന്‍ നേതാവ് സുരേഷ്ബാബു പ്രതിപ്പട്ടികയില്‍. സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് ബാബുവിന്റെ പങ്ക് തെളിഞ്ഞു. 

എൻജിഒ യൂണിയന്‍ സംസ്ഥാനകമ്മിറ്റി അംഗമായ സുരേഷ് ബാബു ഒളിവിലാണെന്ന് പൊലീസ്. അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. 

ഇടത് നേതാക്കളെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാണ്. നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നേതാവ് മുഖേനെ ബാങ്കുമായി ചര്‍ച്ച നടത്തി. ഇതിനിടെ അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വനിതാ ജീവനക്കാരും നേതാക്കള്‍ക്കെതിരെ പരാതി നല്‍കി. അതേസമയം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബു അടക്കം ആറ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. 

പണിമുടക്ക് ദിനത്തില്‍ ബാങ്ക് ആക്രമിച്ചവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നതടക്കം ജാമ്യമില്ലാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായാല്‍ ജയിലിലാകുമെന്നും അതോടെ സര്‍ക്കാര്‍ ജീവനക്കാരായ ഇവര്‍ക്ക് സസ്പെന്‍ഷന്‍ അടക്കമുള്ള വകുപ്പ് തലനടപടിയുണ്ടാകുമെന്നും ഉറപ്പാണ്. ഇതോടെയാണ് സി.പി.എമ്മിന്റെ സംഘടനാ നേതാക്കളായ പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയനീക്കങ്ങള്‍ തുടങ്ങിയത്. ബാങ്കിനുണ്ടായ നഷ്ടം മുഴുവന്‍ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാവ് മുഖേനെ ബാങ്കിനെ അറിയിച്ചത്. ജോലിയെ ബാധിക്കുമെന്നതെങ്കിലും പരിഗണിക്കണമെന്ന അപേക്ഷയുമുണ്ട്. ഇതിനിടെ  നേതാക്കള്‍ അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്ന ബാങ്കിലെ വനിതാജീവനക്കാര്‍  റിജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഇതോടെ ഒത്തുതീര്‍പ്പിന് അനുകൂലനിലപാട് ബാങ്ക് സ്വീകരിച്ചില്ല.

ഒത്തുതീര്‍പ്പാകുന്നത് വരെ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാനുള്ള സമ്മര്‍ദം പൊലീസിലുമുണ്ട്. മൂന്നാം ദിനമായിട്ടും ഇന്നലെ കീഴടങ്ങിയ രണ്ട് പേരല്ലാതെ മറ്റാരെയും പിടിക്കാത്തത് അതിന്റെ ഭാഗമാണ്. അതേസമയം എന്‍.ജി.ഒ യൂണിയന്‍ നേതാക്കളും സര്‍ക്കാര്‍ ജീവനക്കാരുമായി ഒമ്പത് പേരുടെയും പങ്ക് പൊലീസ് സ്ഥിരീകരിച്ചു. ജി.എസ്.ടി വിഭാഗം ജീവനക്കാരനും സംസ്ഥാന നേതാവുമായ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് സംഘമെത്തിയതെന്നും കണ്ടെത്തി. എന്നാല്‍ ഇവരെല്ലാം ഒളിവിലെന്നാണ് വിശദീകരണം. ഇനി ഒരാളെ കൂടി തിരിച്ചറിയാനുണ്ട്. ഇന്നലെ അറസ്റ്റിലായ രണ്ട് പേര്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.