മുഖ്യപ്രതികളെ തിരിച്ചറിഞ്ഞു; ‘മുഖ്യ’ നേതാക്കളെ ഒഴിവാക്കി പൊലീസ്

tvm-sbi-attack-case-1
SHARE

തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച കേസിലെ‍ മുഖ്യപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.  അനില്‍കുമാര്‍ (സിവില്‍ സപ്ളൈസ്), അജയകുമാര്‍(സെയില്‍സ് ടാക്സ്), ശ്രീവല്‍സന്‍ (ട്രഷറി ഡയറക്ടറേറ്റ്) ബിജു രാജ് (ആരോഗ്യവകുപ്പ്), വിനുകുമാര്‍ എന്നിവരാണ് മുഖ്യപ്രതികള്‍. ദൃശ്യങ്ങളുണ്ടായിട്ടും എൻജിഒ സംസ്ഥാന നേതാക്കളെയാണ് ഒഴിവാക്കിയത്. സുരേഷ്ബുബാവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞില്ലെന്ന് വിശദീകരണം.

തിരുവനന്തപുരത്ത് എസ്.ബി.ഐ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കളെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം. നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നേതാവ് മുഖേനെ ബാങ്കുമായി ചര്‍ച്ച നടത്തി. ഇതിനിടെ അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വനിതാ ജീവനക്കാരും നേതാക്കള്‍ക്കെതിരെ പരാതി നല്‍കി. 

പണിമുടക്ക് ദിനത്തില്‍ ബാങ്ക് ആക്രമിച്ചവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചെന്നതടക്കം ജാമ്യമില്ലാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായാല്‍ ജയിലിലാകുമെന്നും അതോടെ സര്‍ക്കാര്‍ ജീവനക്കാരായ ഇവര്‍ക്ക് സസ്പെന്‍ഷന്‍ അടക്കമുള്ള വകുപ്പ് തലനടപടിയുണ്ടാകുമെന്നും ഉറപ്പാണ്. ഇതോടെയാണ് സി.പി.എമ്മിന്റെ സംഘടനാ നേതാക്കളായ പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയനീക്കങ്ങള്‍ തുടങ്ങിയത്.

ബാങ്കിനുണ്ടായ നഷ്ടം മുഴുവന്‍ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നുമാണ് ഡി.വൈ.എഫ്.ഐ നേതാവ് മുഖേനെ ബാങ്കിനെ അറിയിച്ചത്. ജോലിയെ ബാധിക്കുമെന്നതെങ്കിലും പരിഗണിക്കണമെന്ന അപേക്ഷയുമുണ്ട്. ഇതിനിടെ  നേതാക്കള്‍ അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചെന്ന ബാങ്കിലെ വനിതാജീവനക്കാര്‍  റിജിയണല്‍ മാനേജര്‍ക്ക് പരാതി നല്‍കി. ഇതോടെ ഒത്തുതീര്‍പ്പിന് അനുകൂലനിലപാട് ബാങ്ക് സ്വീകരിച്ചില്ല.

ഒത്തുതീര്‍പ്പാകുന്നത് വരെ പ്രതികളുടെ അറസ്റ്റ് ഒഴിവാക്കാനുള്ള സമ്മര്‍ദം പൊലീസിലുമുണ്ട്. മൂന്നാം ദിനമായിട്ടും ഇന്നലെ കീഴടങ്ങിയ രണ്ട് പേരല്ലാതെ മറ്റാരെയും പിടിക്കാത്തത് അതിന്റെ ഭാഗമാണ്. ഒമ്പത് പ്രതികളില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞെന്നും എല്ലാവരും സര്‍ക്കാര്‍ ജീവനക്കാരും എന്‍.ജി.ഒ യൂണിയന്റെ ജില്ലാ, ഏരിയ കമ്മിറ്റി നേതാക്കളാണെന്നും പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നോട്ടീസ് നല്‍കും. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടും സംസ്ഥാന നേതാക്കളായ സുരേഷ് ബാബു, സുരേഷ് എന്നിവരെ തിരിച്ചറിഞ്ഞവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. കേസില്‍ നിന്നൊഴിവാക്കാനുള്ള നീക്കമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.