ഇടതു സർക്കാർ 209 തടവുകാരെ വിട്ടയച്ചത് റദ്ദാക്കി; ഹൈക്കോടതിയിൽ വന്‍ തിരിച്ചടി

high-court-kannur-jail
SHARE

കെ.ടി.ജയകൃഷ്ണന്‍ വധക്കേസ് പ്രതി ഉള്‍പ്പെടെ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട 209 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ വി.എസ്. സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ശിക്ഷായിളവ് ലഭിച്ചവര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോയെന്ന് പരിശോധിച്ച് ആറുമാസത്തിനകം ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവിട്ടു. പരിശോധനയില്‍ ശിക്ഷായിളവിന് അര്‍ഹരല്ലെന്നു കണ്ടെത്തുന്നവര്‍ക്ക് ശിക്ഷാകാലയളവിലെ ശേഷിക്കുന്ന ഭാഗം ജയിലില്‍ കഴിയേണ്ടിവരും.

യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്‌ണനെ വധിച്ച കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകൻ അച്ചാരുപറമ്പത്ത് പ്രദീപൻ അടക്കം പത്തുവര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ 209 തടവുകാരെയാണ്  വി.എസ്.സര്‍ക്കാരിന്റെ അവസാനകാലത്ത് ശിക്ഷ ഇളവു നൽകി വിട്ടയച്ചത്. കണ്ണൂർ സെന്‍ട്രൽ ജയിലിൽ നിന്നു വിട്ടയച്ച 39 തടവുകാരില്‍ ഭൂരിഭാഗം പേരും കൊലക്കേസ് പ്രതികളായ സിപിഎം പ്രവർത്തകരായിരുന്നു. 

ജയിലില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കും ശിക്ഷയിളവ് അനുവദിച്ചിരുന്നു. ചീമേനി തുറന്ന ജയിൽ നിന്ന് 24 പേരെയും, തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് 28 പേരെയും, നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് 111 പേരെയും, വിയ്യൂർ ജയിലിൽനിന്ന് ഏഴ് പേരെയുമാണ് വിട്ടയച്ചത്.

 ശിക്ഷായിളവ് ചോദ്യം ചെയ്ത്, കൊലക്കേസില്‍ ഇരുപത് വര്‍ഷത്തിലേറെ ജയിലില്‍ കഴിയേണ്ടിവന്ന മെല്‍വിന്‍ പാദുവയുടെ ഭാര്യയാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നാലെ കൊലക്കത്തിക്ക് ഇരയായവരുടെ ബന്ധുക്കളും കേസില്‍ കക്ഷിചേര്‍ന്നു.  

ഭരണഘടനയുടെ 161ാം വകുപ്പു പ്രകാരം, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കും പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു എജിയുടെ വാദം. മോചിപ്പിക്കപ്പെട്ടവരില്‍ 14 വർഷത്തെ ശിക്ഷ അനുഭവിക്കേണ്ടവർ എത്ര പേരുണ്ടെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ശിക്ഷായിളവ് നല്‍കിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി ഫുള്‍ബെഞ്ച് റദ്ദാക്കിയത്. 

ഓരോ പ്രതിയും എത്രകാലം ജയില്‍ ശിക്ഷ അനുഭവിച്ചു, ജയില്‍മോചിതരായശേഷമുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ആറുമാസത്തിനകം ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഗവര്‍ണറുടെ പരിശോധനയില്‍ ശിക്ഷാ ഇളവിന് അര്‍ഹരല്ലെന്നു കണ്ടെത്തുന്നവര്‍ക്ക് വീണ്ടും ജയിലില്‍ കഴിയേണ്ടിവരും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.