ആലോകിന്റെ ‘മിന്നല്‍’ ഉത്തരവുകള്‍ റദ്ദാക്കി; റാവുവിന്‍റെ നിയമനവും കോടതിയിലേക്ക്

nageswara-rao-alok-verma
SHARE

ആലോക് വര്‍മയുടെ കഴിഞ്ഞ രണ്ടുദിവസത്തെ ഉത്തരവുകള്‍ റദ്ദാക്കി. സ്ഥലംമാറ്റം അടക്കമുള്ള ഉത്തരവുകളാണ് റദ്ദാക്കിയത്. ഇടക്കാല ഡയറക്ടര്‍ എന്‍.നാഗേശ്വരറാവുവിന്‍റേതാണ് നടപടി. ഇതിനിടെ നാഗേശ്വർ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് പ്രശാന്ത് ഭൂഷൻ സുപ്രീംകോടതിയെ സമീപിക്കും. ഹർജി ഉടൻ ഫയൽ ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ പറഞ്ഞു. 

സിബിെഎ തലപ്പത്തുനിന്ന് മാറ്റിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി തിരിച്ചടിച്ച് ആലോക് വര്‍മ രാവിലെ രംഗത്തെത്തിയിരുന്നു. സിബിെഎയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും പരമോന്നത അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ആലോക് വര്‍മ പ്രതികരിച്ചു.  

സിബിെഎ മേധാവി സ്ഥാനത്തുനിന്നും തന്നെ നീക്കിയ ഉന്നതാധികാരസമിതി തീരുമാനം ശരിയായില്ലെന്നാണ് ആലോക് വര്‍മയുടെ പ്രതികരണം. സിബിെഎയില്‍ പുറമേ നിന്ന് സ്വാധീനമുണ്ടായി. തന്നോട് ശത്രുതയുള്ള ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് നടപടിയെടുത്തത്. വിശദീകരണം നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും ആലോക് വര്‍മ പറയുന്നു.

ആലോക് വര്‍മയെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തുവന്നു. എന്നാല്‍ ഉന്നതാധികാരസമിതി യോഗത്തിന്‍റെ തീരുമാനത്തെ വര്‍മ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും തര്‍ക്കങ്ങള്‍ സിബിെഎയുടെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്നും മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി പ്രതികരിച്ചു. 

ആലോക് വര്‍മയ്ക്കെതിരായ അഴിമതി ആരോപണങ്ങളില്‍ ക്രിമിനല്‍ അന്വേഷണം വേണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. അതിനിടെ, എം നാഗേശ്വര്‍ റാവു സിബിെഎ ഇടക്കാല മേധാവിയായി ചുമതലയേറ്റു. പുതിയ മേധാവിയെ ഉടന്‍ തീരുമാനിക്കും. റഫാല്‍ അഴിമതിക്കേസ് ഭയന്നാണ് പ്രധാനമന്ത്രി ആലോക് വര്‍മയെ നീക്കിയതെന്നും വിജിലന്‍സ് കമ്മിഷന്‍ മോദിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

എന്നാല്‍ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ സിബിെഎ അന്വേഷണം കുരുക്കാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്ന് ബിജെപി മറുപടി നല്‍കി. ആലോക് വര്‍മയെ സിബിെഎ മേധാവിയാക്കുന്നതിനെ മല്ലികാര്‍ജുന്‍ ഖാര്‍ഗേ നേരത്തെ എതിര്‍ത്തതും ബിജെപി ആയുധമാക്കുന്നു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.