
തിരുവനന്തപുരത്ത് SBI ട്രഷറി ബ്രാഞ്ചില്‍ പണിമുടക്ക് അനുകൂലികളുടെ അക്രമം. ബാങ്ക് അടയ്ക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഒരുസംഘം മാനേജറുടെ ക്യാബിനിലെത്തി ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കം മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗം നടന്ന സമരപ്പന്തലിന് തൊട്ടടുത്തുള്ള ബാങ്കിലാണ് അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
രാവിലെ പത്തേകാലോടെയാണ് സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്.ബി.ഐയുടെ ട്രഷറി ബ്രാഞ്ചിലേക്ക് ഒരു സംഘം പണിമുടക്കനുകൂലികള്‍ എത്തിയത്. മാനേജരെ ഭീഷണിപ്പെടുത്തുകയും മേശയും കംപ്യൂട്ടറും ഫോണും അടിച്ചുതകര്‍ക്കുകയും ചെയ്തു. പണിമുടക്ക് ദിനത്തില്‍ ബാങ്ക് തുറന്നത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് ബാങ്ക് മാനേജര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.ജി.ഒ യൂണിയന് നേതാവും ചരക്കുസേവനനികുതി വകുപ്പിലെ ഉദ്യോഗസ്ഥനുമായ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംയുക്ത സമരസമിതിയുടെ സമരപ്പന്തലിന് തൊട്ടുമുന്നിലാണ് അക്രമം നടന്നത്. സമ്മേളനസ്ഥലത്തിന് ചുറ്റും പൊലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്കില്‍ നിന്ന് പരാതി ലഭിച്ചതിന് ശേഷമാണ് പൊലീസ് വിവരമറിഞ്ഞത്. കന്റോണ്‍മെന്റ് ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി തെളിവെടുപ്പ് നടത്തി. പൊലീസ് വിന്യാസത്തില്‍ കുറവുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിസിപി വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ തെളിവായെടുക്കും.
അക്രമം നടന്നതിന് തൊട്ടുപിന്നാലെ കോടിയേരി സമ്മേളനത്തില്‍ പ്രസംഗിച്ചു. കെ.ശിവന്‍കുട്ടി അടക്കമുള്ള നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. അക്രമികള്‍ ആരെന്ന് പരിശോധിക്കട്ടെ എന്ന് കോടിയേരി പ്രതികരിച്ചു.കോടിയേരി ബാലകൃഷ്ണന്, സിപിഎം സംസ്ഥാന സെക്രട്ടറി അക്രമത്തെ തുടര്‍ന്ന് ബാങ്ക് ഇന്നത്തേക്ക് അടച്ചു.