ശബരിമലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് കെ.സി.‍; ‘ബിജെപി അക്രമം’; വാക്പോര്

kc-meenakshi-karunakaran
SHARE

ശബരിമല വിഷയത്തില്‍ തിളച്ചുമറിഞ്ഞ് ലോക്സഭ. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സിപിഎം ലോക്സഭാകക്ഷിനേതാവ് പി കരുണാകരന്‍ എതിര്‍ത്തു. മതവിരോധികളായ യുവതികളെ മലയിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ബിജെപി എം.പി മീനാക്ഷി ലേഖി ആരോപിച്ചു. അതിനിടെ, യുവതീപ്രവേശത്തിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുന്ന യുഡിഎഫ് എം.പിമാരെ സോണിയ ഗാന്ധി ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ വ്രണപ്പെടുത്തിയെന്ന് വിഷയം ഉന്നയിച്ച് കെ.സി വേണുഗോപാൽ പറഞ്ഞു‍. കോണ്‍ഗ്രസ് ദേശീയനേതൃത്വം ശബരിമലയിലെ യുവതീപ്രവേശകാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് പി കരുണാകരന്‍ തരിച്ചടിച്ചു. കോടതികള്‍ വിശ്വാസകാര്യങ്ങളില്‍ ഇടപെടരുതെന്നും ട്രാന്‍സ്ജെൻഡറുകളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതികളെ പൊലീസ് ദര്‍ശനത്തിെനത്തിച്ചതെന്നും ബിജെപി എം.പി മീനാക്ഷി ലേഖി പറഞ്ഞു. സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടത് എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പില്‍ രാവിലെ പ്രതിഷേധിച്ചു.

ലിംഗസമത്വമാണ് പാര്‍ട്ടിയുടെ ദേശീയ നയമെന്നും പ്രാദേശിക വിഷയത്തില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കരുതെന്നും സോണിയ ഗാന്ധി യുഡിഎഫ് എം.പിമാരോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ യുഡിഎഫ് എം.പിമാര്‍ ഇത് നിഷേധിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് എം.പിമാര്‍ ഇന്നും സഭയിലെത്തിയത്.

വിശ്വാസികള്‍ക്ക് നേരെ പൊലീസും സിപിഎമ്മും അക്രമം നടത്തിയെന്നാരോപിച്ച് ബിജെപി എം.പിമാരും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധിച്ചു. യുവതീപ്രവേശത്തെ താന്‍ പിന്തുണച്ചുവെന്ന് വാര്‍ത്ത തെറ്റാണെന്ന് വി മുരളീധന്‍ പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE