20 മണിക്കൂർ പിന്നിടുന്നു, ഓര്‍ത്തഡോക്സ് വൈദികന്‍ പുറത്തുതന്നെ

cheiryapally-issue
SHARE

കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ  യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയിൽ കഴിഞ്ഞ 20 മണിക്കൂറിലേറെയായി  തുടരുകയാണ്. 

ഇന്നലെ രാവിലെ   പത്തരയോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഓർത്തഡോക്സ് സഭാ വൈദികൻ ഫാ. തോമസ് പോള്‍ റമ്പാന്‍  പ്രാർത്ഥനയ്ക്കായി പളളിക്ക് സമീപമെത്തിയതോടെ രാവിലെ മുതൽ പള്ളി പരിസരത്ത് നിലയുറപ്പിച്ചിരുന്ന യാക്കോബായ സഭാംഗങ്ങളുടെ പ്രതിഷേധം കനത്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള പൊലീസിന്റെ ശ്രമം വിജയിച്ചില്ല. ആയിരക്കണക്കിന് യാക്കോബായ സഭാ അംഗങ്ങളാണ് പള്ളിക്കു ചുറ്റും നിലയുറപ്പിച്ചിരിക്കുന്നത്. എന്നാൽ പള്ളിയിൽ കയറി പ്രാർത്ഥന നടത്തിയേ മടങ്ങു എന്ന നിലപാടിലാണ് ഓർത്തഡോക്സ് വൈദികൻ.

സംഘർഷം രാത്രിയിലും തുടരുന്നു

കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം രാത്രിയിലും തുടരുന്നു. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നതു തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെ രാത്രിയിലും സംഘർഷസാധ്യത നിലനിൽക്കുകയാണ്.

പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരംക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ രാവിലെ 10.30ന് ആണ് തോമസ് പോൾ റമ്പാൻ ചെറിയപള്ളിയിലെത്തിയത്. ഗേറ്റ് പൂട്ടി യാക്കോബായ വിഭാഗം പള്ളിയിൽ കുർബാനയർപ്പിക്കുകയായിരുന്നു അപ്പോൾ. തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കാതിരിക്കാൻ നൂറുകണക്കിനു യാക്കോബായ വിശ്വാസികൾ പ്രതിരോധം തീർത്തു. ഗേറ്റിനു പുറത്തു പ്രതിഷേധിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും ഫലമുണ്ടായില്ല. അരമണിക്കൂറിനു ശേഷം പൊലീസ് ജീപ്പിൽ റമ്പാനെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. പ്രതിഷേധക്കാരെ നീക്കി പള്ളിയിൽ വീണ്ടും എത്തിക്കാമെന്ന ഉറപ്പിലായിരുന്നു ഇത്.

എന്നാൽ, പള്ളിയിൽനിന്നു പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസിനു കഴിഞ്ഞില്ല. ഇതെ തുടർന്നു 2 മണിക്കൂറിനുശേഷം തോമസ് പോൾ റമ്പാൻ വീണ്ടും എത്തി. പള്ളിയുടെ പടി‍ഞ്ഞാറേ കുരിശിനു സമീപം എത്തിയ റമ്പാനെ സംഘർഷസാധ്യത കണക്കിലെടുത്ത് കാറിൽനിന്നു പുറത്തിറങ്ങാൻ പൊലിസ് അനുവദിച്ചില്ല. മടങ്ങാൻ തയാറല്ലെന്നു വ്യക്തമാക്കിയ റമ്പാൻ രാത്രി വൈകിയും കാറിനുള്ളിൽതന്നെ കഴിച്ചുകൂട്ടുകയാണ്

കോടതി വിധി നടപ്പാക്കാൻ പൊലിസിനു ബാധ്യതയുണ്ടെന്നും അതിനു തയാറാകാത്ത പൊലിസ് നാടകം കളിക്കുകയാണെന്നും തോമസ് പോൾ റമ്പാൻ ആരോപിച്ചു. പൊലിസിന്റെ ഒത്താശയോടെയാണു യാക്കോബായ വിശ്വാസികളുടെ നിയലംഘനം. ഏതാനും വിശ്വാസികളെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങൾ തിരക്കഥയനുസരിച്ചുള്ള നാടകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.