
ബുലന്ദ്ഷഹര്‍ അക്രമം ആസൂത്രിതമാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്. മുഖ്യ പ്രതി യോഗേഷ് രാജിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. പശുവിനെ കൊന്നുവെന്ന് ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കില്ലെന്നും ഇൻസ്പെക്ടർ കിരൺപാൽ സിംഗ് മനോരമ ന്യൂസിനോട് വ്യക്തമാക്കി. അതേസമയം തങ്ങൾക്ക് നീതി വേണമെന്ന് അക്രമത്തിൽ കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബം പ്രതികരിച്ചു.
ആളൊഴിഞ്ഞ പ്രദേശത്ത് പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടുവെന്നതാണ് ബുലന്ദ്ഷഹർ അക്രമത്തിനു പ്രധാന കാരണമായിരുന്നത്. പശുവിനെ അറക്കുന്നത് നേരിൽ കണ്ടതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. എന്നാൽ പശുവിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കുമ്പോൾ 48 മണിക്കൂർ പഴക്കമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. അക്രമം ആസൂത്രിതമാണോ എന്ന കാര്യം പരിശോദിച്ചു വരികയാണെന്ന് ഇൻസ്പെക്ടർ കിരൺപാൽ സിംഗ് പറഞ്ഞു.
കേസിൽ മുഖ്യപ്രതി യോഗേഷ് രാജ് അറെസ്റ്റിലായിട്ടില്ല. പശുവിനെ കൊന്നതിന് എഫ്. ഐ. ആർ രജിസ്റ്റർ ചെയ്ത രണ്ട് കുട്ടികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കില്ലെന്നും കിരൺപാൽ സിംഗ് പറഞ്ഞു. അതേസമയം അക്രമത്തിൽ കൊല്ലപ്പെട്ട സുമിത്തിന്റെ കുടുംബം യോഗി സർക്കാരിനെതിരെ രംഗത്തെത്തി. തങ്ങൾക്ക് നീതി വേണമെന്ന് സുമിത്തിന്റെ സഹോദരി ബാബ്ലി പറഞ്ഞു.