ദുരന്തം വന്നത് പാചക വാതകത്തിൽ നിന്ന്; ഉറപ്പിക്കാൻ ഗ്യാസ് കമ്പനി ഉദ്യോഗസ്ഥരെത്തും

trissur-death-lpg
SHARE

തൃശൂര്‍ മലാക്കയില്‍ രണ്ടു കുട്ടികള്‍ വീടിനകത്തു വെന്തുമരിച്ച സംഭവം പാചകവാതകം ചോര്‍ന്നുണ്ടായ തീപിടുത്തംമൂലമെന്ന് പൊലീസ്. വെള്ളം ചൂടാക്കാന്‍ കത്തിച്ച ഗ്യാസ് അടുപ്പില്‍ തീ കെട്ടുപോയപ്പോള്‍ പാചക വാതകം കിടപ്പമുറിയിലേക്ക് പരന്നുവെന്നാണ് നിഗമനം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടില്ലെന്ന് അയല്‍വാസിയായ ദൃക്സാക്ഷി മനോരമ ന്യൂസിനോട് പറഞ്ഞു.

ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. കിടപ്പുമുറിയ്ക്കുപുറകിലായി പുറത്ത് പാചകവാതക അടുപ്പില്‍ വെള്ളം ചൂടാക്കിയിരുന്നു. കാറ്റില്‍ തീ കെട്ടപ്പോള്‍ പാചകവാതകം മുറിയിലേക്ക് പരന്നു. പിന്നീട്,അടുപ്പില്‍ വീണ്ടും തീ കൊളുത്തിയപ്പോള്‍ പൊട്ടിയതാകാമെന്ന്സംശയിക്കുന്നു. കുറ്റുമുക്ക് സാന്ദീപനി സ്കൂളിലെ വിദ്യാര്‍ഥി ഡാന്‍ഫെലിസ്, സഹോദരി രണ്ടു വയസുള്ള സെലസ്മിയ എന്നിവരാണ് തല്‍ക്ഷണം മരിച്ചത്. ഈ പിഞ്ചുസഹോദരങ്ങള്‍ കിടന്നുറങ്ങുന്പോഴായിരുന്നു ദുരന്തം. അച്ഛന്‍ ഡാന്റേസ് കിടപ്പുമുറിയുടെ പിന്നിലായി കാര്‍ കഴുകയായിരുന്നു. ഈ കാര്‍ ഓടിച്ചിരുന്നതാകട്ടെ പാചകവാതകത്തിലും. സംഭവം നടന്ന ഉടനെ നിലവിളി കേട്ട് പാഞ്ഞെത്തിയ അയല്‍വാസി വര്‍ഗീസ് തീ ആളിക്കത്തുന്നതും കുട്ടികള്‍ നിലവിളിക്കുന്നതുമാണ് കണ്ടത്. മക്കളെ രക്ഷിക്കാന്‍ ഡാന്റേസ്ശ്ര മിച്ചെങ്കിലും കഴിഞ്ഞില്ല. അമ്മ ബിന്ദുവും മക്കളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഫൊറന്‍സിക് വിദഗ്ധരും പൊലീസും വിശദമായ പരിശോധന നടത്തി. സംഭവം നടന്ന ഉടനെ പലനിഗമനങ്ങളാണ് പുറത്തുവന്നത്. ഇന്‍വെര്‍ട്ടര്‍ പൊട്ടിത്തെറിച്ചു. ഷോര്‍ട് സര്‍ക്യൂട്ടുമൂലം തീപിടുത്തമുണ്ടായി. തുടങ്ങി പല നിഗമനങ്ങള്‍. ഇതൊന്നും ശരിയല്ലെന്ന് സമഗ്രമായ പരിശോധനയില്‍ വ്യക്തമായി. പൊള്ളലേറ്റ ഡാന്റേസിന്റേയും ഭാര്യ ബിന്ദുവിന്റേയും മൊഴികള്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തി. മൂത്തമകള്‍ നിസാര പരുക്കുകളോടെ ആശുപത്രി വിട്ടു. പൊള്ളലേറ്റ ദമ്പതികളെ കൊച്ചി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.