വിമര്‍ശന പ്രളയത്തിന് ഒടുവില്‍ കേന്ദ്രം കനിഞ്ഞു; 3048 കോടി കേന്ദ്ര സഹായം

modi-flood-pinarayi-1
SHARE

കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് അധിക സാമ്പത്തിക സഹായം തീരുമാനിച്ചത്. 600 കോടി രൂപയുടെ അടിയന്തരസഹായം കേരളത്തിന് നേരത്തെ അനുവദിച്ചിരുന്നു.

ഒടുവില്‍ കേന്ദ്രം കനിഞ്ഞു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിട്ട കേരളത്തോട് ചിറ്റമ്മനയം സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് അധികസഹായം തീരുമാനിച്ചത്. കേരളം ചോദിച്ചത് 4790 കോടി രൂപയുടെ സഹായം. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കി കാത്തിരുന്നത് രണ്ടുമാസം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ബി ആര്‍ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സമിതി കേരളത്തിലെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ അധികസഹായത്തിന് ശുപാര്‍ശചെയ്തു. 

ഒടുവില്‍, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, ആഭ്യന്തരസെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ ഉന്നതതല സമിതി അധികസഹായം തീരുമാനിച്ചു. ആന്ധ്രയ്ക്ക് 539.52 കോടിരൂപയും നാഗാലന്‍ഡിന് 131.16 കോടി രൂപയും നല്‍കാന്‍ തീരുമാനിച്ചു. കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപ വേണ്ടിവരുമെന്നാണ് ലോകബാങ്കും െഎക്യരാഷ്ട്രസഭയും കണ്ടെത്തിയിട്ടുള്ളത്.  

രാജ്യമാകെ ജിഎസ്ടിമേല്‍ സെസ് ഏര്‍പ്പെടുത്തി വരുമാനമുണ്ടാക്കാന്‍ അനുവദിക്കണം. വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്തണം. കരകയറാനുള്ള കേരളത്തിന്‍റെ ഈ രണ്ട് ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിച്ചതല്ലാതെ കേന്ദ്രസര്‍ക്കാര്‍ ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല. രണ്ടുവര്‍ഷത്തേയ്ക്ക് സെസ് പിരിച്ചാല്‍ 2000 കോടിരൂപയെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.