
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിലെ മുഖ്യപ്രതി പിടിയിലായതായി സൂചന. ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ ബന്ധുവിനൊപ്പം പിടികൂടിയെന്നാണ് വിവരം. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും കൂടിക്കാഴ്ച നടത്തി. ബുലന്ദ്ഷഹറില്‍ സംഘര്‍ഷത്തിന് വഴിവച്ച പശുവിന്റെ ജഡാവശിഷ്ടം രണ്ടുദിവസം പഴക്കമുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ സിങ്ങിനെ വെടിവച്ചുകൊന്ന കേസിലടക്കം മുഖ്യപ്രതിയാണ് ബജ്റംഗ്ദള്‍ നേതാവ് യോഗേഷ് രാജ്. നാലുദിവസമായി ഒളിവിലായിരുന്ന യോഗേഷിനെ ബന്ധുവിനൊപ്പമാണ് പിടികൂടിയതെന്നാണ് വിവരം. എന്നാല്‍, അറസ്റ്റു സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമയം, പശുവിനെ അറുക്കുന്നത് കണ്ടുവെന്ന യോഗേഷിന്റെ മൊഴി വാസ്തവവിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. മഹാഗാവ് ഗ്രാമത്തില്‍ കണ്ടെത്തിയ പശുവിന്റെ ജഡം രണ്ടുദിവസം പഴക്കമുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാണുന്നത്. കൊല്ലപ്പെട്ട ഇന്‍സ്പെക്ടറുടെ കുടുംബം രാവിലെ യോഗിയെ കണ്ടിരുന്നു. ഇന്‍സ്പെക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും യോഗി ഉറപ്പുനല്‍കി. 2015ല്‍ ദാദ്രിയില്‍ അഖ്ലാഖിനെ ആള്‍കൂട്ടം അടിച്ചുകൊന്ന കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് സുബോധ്കുമാര്‍ സിങ്ങ്.
സംഘര്‍ഷത്തിന് നേതൃത്വം നല്കിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സുബോധിനെ വകവരുത്തിയത് കരുതിക്കൂട്ടിയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മുഖ്യമന്ത്രിയോട് കുടുംബം ആവശ്യപ്പെട്ടു. സംഘര്‍ഷത്തിലേക്ക് വഴിവച്ച പശുവിനെ അറുത്ത സംഭവത്തില്‍ പത്തും പന്ത്രണ്ടും വയസുള്ള രണ്ടു കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.