ശബരിമല തീര്‍ഥാടനത്തിന്റെ പൂര്‍ണ മേല്‍നോട്ടം നിരീക്ഷകസമിതിക്ക്; ഉറപ്പിച്ച് ഹൈക്കോടതി

high-court-sabarimala-12
SHARE

സുഗമമായ തീര്‍ഥാടനം ഉറപ്പാക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ യഥാസമയം എടുക്കാന്‍ ശബരിമലയില്‍ നിയോഗിച്ച മൂന്നംഗ നിരീക്ഷണസമിതിക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. മൂന്നുപേരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പിലാണ് ഹൈക്കോടതി സമിതിയുടെ അധികാരം വ്യക്തമാക്കുന്നത്. ദേവസ്വം ബോര്‍ഡിനും പൊലീസിനും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ സമിതിക്ക് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുന്നു.

ഹൈക്കോടതി മുന്‍ ജഡ്ജും ദേവസ്വം ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.ആര്‍.രാമന്‍, ഹൈക്കോടതി മുന്‍ ജഡ്ജും ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനുള്ള ഉന്നതാധികാരസമിതി ചെയര്‍മാനുമായ ജസ്റ്റിസ് എസ്. സിരിജഗന്‍, ഫയര്‍ഫോഴ്സ് ഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷണ സമിതിയെ നിയോഗിച്ചത്. 

ശബരിമലയിലെ തീര്‍ഥാടനത്തിന്റെ പൂര്‍ണമായ മേല്‍നോട്ടം നിരീക്ഷകസമിതിക്കായിരിക്കുമെന്ന് ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കുന്നു. ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ക്ക് ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാന്‍ സമിതിക്ക് അധികാരമുണ്ടായിരിക്കും. പൊലീസുള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് അമിത ഇടപെടല്‍ ഉണ്ടാകാതെ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കണമെന്നും സമിതിക്ക് കോടതി നിര്‍ദേശം നല്‍കി. 

സമിതിയുടെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ആവശ്യമായ ഉത്തരവുകള്‍ക്ക് ശ്രമിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കാര്യങ്ങള്‍ ഏകോപിപ്പിക്കാനും, സമിതി പരിഗണിക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനും ശബരിമല സ്പെഷല്‍ കമ്മിഷണര്‍ക്കായിരിക്കും ഉത്തരവാദിത്തം. 

ഓരോകാര്യങ്ങളും യഥാസമയം സ്പെഷല്‍ കമ്മിഷണര്‍ കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. നിരീക്ഷകസമിതിക്ക് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കാന്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.