
ചിത്തിര ആട്ട വിശേഷത്തിനിടെ ശബരിമലയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയില്‍ ആചാരലംഘനം നടന്നതായും അന്പതുവയസിനുമേല് പ്രായമുളള സ്ത്രീകളെ തടഞ്ഞതായും കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇരുമുടിക്കെട്ടില്ലാതെ രാഷ്ട്രീയ നേതാക്കളും ദേവസ്വം ബോര്‍ഡ് അംഗവും പതിനെട്ടാം പടി കയറിയത് ആചാരലംഘനമാണെന്നായിരുന്നു കമ്മിഷണറുടെ റിപ്പോര്‍ട്ട്. മണ്ഡലകാലത്ത് ശബരിമലയില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും കമ്മിഷണര്‍ അറിയിച്ചു. തുടര്‍ന്നാണ ് കോടതി സ്വമേധയാ കേസെടുത്തത്. ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ഇതിനിടെ, വിവാദ പ്രസംഗത്തില്‍ ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര് സത്യവാങ്മൂലം നല്കി. പ്രസംഗത്തിനുശേഷം സന്നിധാനത്ത് സംഘർഷമുണ്ടായെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രസംഗം കേള്‍ക്കാതെയാണ് കേസെടുത്തതെന്ന് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. പരാതി നിലനില്‍ക്കുന്നതാണോ എന്നാണ് ചോദ്യമെന്ന് ഹൈക്കോടതി ആരാഞ്ഞു.
ശബരിമല യുവതീപ്രവേശത്തില്‍ സുപ്രീം കോടതി വിധി പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ഭക്തരുടെയും സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും പ്രശ്നം പരിഹരിക്കാന്‍ കോടതി വിധി സഹായകമാകും. ഇന്ന് 11 മണിക്ക് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം മണ്ഡലകാല ഒരുക്കങ്ങള്‍ വിലയിരുത്തും. ഇതിലേക്ക് വിവിധ വകുപ്പ് മേധാവികളും വിളിച്ചിട്ടുണ്ടെന്ന് എ.പത്മകുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.