ഭാര്യയെ പ്രിൻസിപ്പലാക്കിയും ചട്ടലംഘനം; ജലീലിന്റെ നീളുന്ന ‘ഇഷ്ട’നിയമനങ്ങൾ

jaleel-wife
SHARE

മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചതിൽ ചട്ടലംഘനം ആരോപിച്ച് യൂത്ത് കോൺഗ്രസ്. കെഇആര്‍ ചട്ടപ്രകാരമുള്ള സീനിയോറിറ്റി നിബന്ധനകൾ അട്ടിമറിച്ചാണ് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചതെന്ന് സംസ്ഥാന സെക്രട്ടറി സിദ്ധിഖ് പന്താവൂർ പറഞ്ഞു. ഇതേ സീനിയോറിറ്റിയുള്ള വി.കെ. പ്രീത എന്ന അധ്യാപികയും സ്കൂളിലുണ്ട്. ഒരേ സീനിയോറിറ്റിയുള്ള രണ്ടുപേർ വന്നാൽ നിയമനത്തിന് ജനനത്തീയതി മാനദണ്ഡമാക്കണമെന്നാണു ചട്ടം. ഇതനുസരിച്ച് പ്രീത എന്ന അധ്യാപികയ്ക്കായിരുന്നു യോഗ്യത. എന്നാൽ സ്കൂൾ മാനേജറും ഹയർസെക്കൻ‍ഡറി ഡപ്യൂട്ടി ഡയറക്ടറും ഇക്കാര്യം പരിഗണിച്ചില്ല. 

01.05.2016 നാണ് ഫാത്തിമക്കുട്ടിയെ സ്കൂളിലെ പ്രിൻസിപ്പലായി നിയമിച്ചത്. ഈ നിയമനത്തിന് 26.7.2016 ന് സർക്കാർ അംഗീകാരം നൽകി. ഇതിനെതിരെ പ്രീത എന്ന അധ്യാപിക നൽകിയ പരാതിയില്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്ന് സിദ്ധിഖ് പന്താവൂർ ആരോപിച്ചു.

ബന്ധു നിയമന വിവാദത്തിൽ കുരുങ്ങിയ മന്ത്രി കെ.ടി.ജലീലിന് എതിരെ പലയിടത്തും പ്രതിഷേധം നടന്നു. കണ്ണൂർ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ജലീലിനെതിരെ കരിങ്കൊടി കാട്ടിയും വാഹത്തിനു മുട്ടയെറിഞ്ഞും പ്രതിഷേധിച്ചത് യൂത്ത് ലീഗ് പ്രവർത്തകരാണ്. രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾത്തന്നെ കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവർത്തകർ കാത്തു നിൽക്കുന്നുണ്ടായിരുന്നു. കരിങ്കൊടി കാണിക്കുംമുൻപേ 5 പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ താണയിലെത്തിയപ്പോഴും ലീഗ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വാഹനത്തിനുനേരെ മുട്ടയെറിഞ്ഞതായും ആക്ഷേപമുണ്ട്.  പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

കിലയിലും ബന്ധുനിയമനം

തദ്ദേശസ്വയംഭരണ ഭരണവകുപ്പിന് കീഴിലുള്ള തൃശൂര്‍  'കില’യില്‍  എസ്ഡിപിഐക്കാരെ നിയമിച്ചെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. അതേസമയം ബന്ധുനിയമനത്തെ ന്യായീകരിച്ച്  ഇന്നും കെ.ടി.ജലീല്‍ രംഗത്തെത്തി. 

മന്ത്രി കെ.ടി.ജലീല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പത്ത് എസ്.ഡി.പിഐക്കാരെ കിലയില്‍ നിയമിച്ചുവെന്നാണ് അനില്‍ അക്കരയുടെ ആരോപണം. മന്ത്രിയും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ഇതില്‍ നിന്ന് വ്യക്തമാണെന്നും അനില്‍ അക്കര പറഞ്ഞു

ന്യൂനപക്ഷ വികസന കോര്‍പറേഷനില്‍ നടന്ന നിയമനം താല്‍ക്കാലികമാണെന്ന വാദവുമായി ബന്ധുനിയമനത്തെ കെ.ടി.ജലീല്‍ ന്യായീകരിച്ചു. ഒരു വര്‍ഷത്തേക്കു മാത്രമാണ് നിയമനം. അതുകൊണ്ട് തന്നെ നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സും പിഎസ്‌സിയുടെ അനുമതിയും വേണ്ട. കൂടുതല്‍പേര്‍ അപേക്ഷിക്കാനാണ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.