അയോഗ്യതയില്‍ വിഷമമില്ല; വര്‍ഗീയത പരത്തിയെന്നത് അപമാനം; ഷാജിയുടെ മറുപടി: വിഡിയോ

km-shaji-reaction
SHARE

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കെ.എം.ഷാജി. സ്റ്റേക്ക് അപേക്ഷ നൽകും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും കെ.എം.ഷാജി ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്ക് തൊട്ടുപിന്നാലെ മനോരമ ന്യൂസ്നോട് പറഞ്ഞു. 

''ഇരുപത് ശതമാനം മാത്രം മുസ്‌‌ലിംകള്‍ക്ക് വോട്ടുള്ള മണ്ഡലമാണിത്. അവിടെയാണ് ഇങ്ങനെ വിചിത്രമായ ആരോപണം. താന്‍ വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് ആരോപണം. ഞാന്‍ രാഷ്ട്രീയത്തില്‍ ഇന്നലെ വന്ന ആളല്ല. തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം നടത്തിയ ആളാണ്. ബോധപൂര്‍വമായ ശ്രമം ആണ് ഈ കേസിന് പിന്നില്‍. എന്‍റെ ജീവിതം കൊണ്ട് ഞാന്‍ തെളിയിച്ച ചിലതുണ്ട്. അത് ഇങ്ങനെയൊരു കേസ് കൊണ്ട് ഇല്ലാതാക്കാനാകില്ല''– ഷാജി പറഞ്ഞു. 

'കോടതിവിധിയിൽ ഏറ്റവും അപമാനകരമായി തോന്നിയത് വർഗീയത പ്രചരിപ്പിച്ചു എന്നതാണ്. എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി എന്നത് വലിയ വിഷയമായി ഞാൻ കാണുന്നില്ല. വർഗീയതക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്റെ ജീവിതം. അത് ഞാൻ കോടതിയിൽ തെളിയിക്കും. 

അഴീക്കോട് മണ്ഡലത്തിലെ മതേതര വിശ്വാസികളുടെ വോട്ട് നേടിയാണ് ഞാൻ വിജയിച്ചത്. തിരഞ്ഞെടുപ്പിന് തലേദിവസം വരെ വര്‍ഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പരസ്യമായി പറഞ്ഞയാളാണ് താൻ. ലഘുലേഖകളുമായി ബന്ധമില്ല. നികേഷ് കുമാർ എന്ന വ്യക്തി കൃത്യമായി കെട്ടിച്ചമച്ച കേസാണിത്. 

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വർഗീയപ്രചാരണം നടത്തിയെന്ന എതിർസ്ഥാനാർഥി എം.വി.നികേഷ്കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. അഴീക്കോട് മണ്ഡലത്തിൽ രണ്ടായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.എം.ഷാജി വിജയിച്ചത്. 

ഇസ്‌ലാം മത വിശ്വാസിയല്ലാത്തവർക്ക് വോട്ടു ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തെന്നും അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും ഹർജിയിലുണ്ടായിരുന്നു.

വിധി ഇങ്ങനെ: എംഎല്‍എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല, ആറുവര്‍ഷത്തേക്ക് മല്‍സരിക്കാനാവില്ല. 50,000 രൂപ നികേഷിന് കോടതിച്ചെലവ് നല്‍കണം. വ്യക്തിഹത്യ, അപകീര്‍ത്തി നോട്ടീസുകള്‍ തെളിവായി സ്വീകരിച്ചാണ് വിധി.  വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം തള്ളി.  ഹൈക്കോടതി വിധിക്ക് സ്റ്റേ കിട്ടിയാല്‍ അന്തിമവിധി വരെ സഭയില്‍ തുടരാം. വോട്ട് ചെയ്യാനോ ശമ്പളം വാങ്ങാനോ സംസാരിക്കാനോ അനുവാദമുണ്ടാവില്ല. ‌സുപ്രീംകോടതി വിധി ശരിവച്ചാല്‍ സ്ഥാനമൊഴിഞ്ഞ്  തിരഞ്ഞെടുപ്പ് വേണ്ടിവരും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.