കുടുംബത്തെ സിപിഎം ഭീഷണിപ്പെടുത്തുന്നു, പരാതിയുമായി ആഷ ലോറൻസ് ഗവർണറെ കണ്ടു

milan-sreedharna-pillai
SHARE

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം.ലോറന്‍സിന്റെ മകള്‍ ആശ ലോറന്‍സ് പരാതിയുമായി ഗവര്‍ണറെ കണ്ടു. മകന്‍ ബി.ജെ.പി വേദിയിലെത്തിയതിന്റെ പ്രതികാരമായി തന്റെ ജോലി ഇല്ലാതാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന പരാതി ഗവര്‍ണര്‍ക്കു കൈമാറിയെന്ന് ആശ ലോറന്‍സ് മനോരമ ന്യൂസിനോടു പറഞ്ഞു. പരാതി അന്വേഷിച്ചു വേണ്ട നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കി.

രാവിലെ പതിനൊന്നേ മുക്കാലോടെയാണ് മകന്‍ മിലനുമൊത്ത് ആശ ലോറന്‍സ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റ് നീണ്ടുനിന്നു. ബി.ജെ.പി വേദിയില്‍ മകനെത്തിയതോടെ സിഡ്കോയിലെ ജോലി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ആശ, ഗവര്‍ണറെ അറിയിച്ചു. തനിക്കെതിരെ മറ്റുജീവനക്കാരില്‍ നിന്നും കള്ളപ്പരാതി എഴുതിവാങ്ങി. മകനേയും തന്നേയും സി.പി.എം നേതാക്കള്‍ ഫോണില്‍ വിളിച്ച് ഉപദേശരൂപത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഗവര്‍ണറോട് പരാതിപ്പെട്ടതെന്ന് അവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മകന്‍ ബി.ജെ.പി വേദിയില്‍ പോയതിനുശേഷം ശത്രുതാമനോഭാവത്തോടെയായിരുന്നു സിഡ്കോയിലേയും സി.പി.എമ്മിലേയും ഉന്നതരുടെ പെരുമാറ്റം. ജോലിയില്‍ നിന്നു പിരിച്ചുവിടാനും നീക്കം നടന്നു. കുത്തിയിരുപ്പുസമരം നടത്തിയതോടെയാണ് ഇതില്‍ നിന്നു മാനേജ്മെന്റ് പിന്മാറിയത്. തനിക്കും മകനും സംരക്ഷണം തരണമെന്നും അവര്‍  ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ അറിയിച്ചതോടെയാണ് ഇരുവരും മടങ്ങിയത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.