മരണത്തോട് മല്ലടിച്ച സനലിനോടും പൊലീസിന്റെ കൊടുംക്രൂരത; ദൃശ്യങ്ങള്‍ പുറത്ത്

sanal-death-ambulance-cctv
SHARE

ഡിവൈഎസ്പി കാറിനുമുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവിനെ രക്ഷിക്കാനുള്ള അവസാന അവസരവും നഷ്ടപ്പെടുത്തിയത് പൊലീസ്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലേക്കാണ്. ഇതിന്റെ ദൃശ്യങ്ങള്‍ മനോരമന്യൂസിന് ലഭിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന പൊലീസുകാരന് ഡ്യൂട്ടി മാറാനാണ് വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയത്.

ഡിവൈഎസ്പിയുടെ ക്രൂരതയില്‍ മരണത്തോട് മല്ലടിച്ച സനലിനോട് ഒരു ദയയും പൊലീസ് കാട്ടിയില്ലെന്നതിന്റെ തെളിവാണ് മനോരമ ന്യൂസ് പുറത്തുവിടുന്ന ഈ ദൃശ്യങ്ങള്‍. അതീവഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് സനലിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നത് രാത്രി 10.23ന്. ആന്തരികരക്തസ്രാവം മനസിലാക്കിയ ഡോക്ടര്‍  സനലിനെ വേഗം മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ പൊലീസിനോടും കൂടെയുള്ള സുഹൃത്തിനോടും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

എന്നാല്‍ സുഹൃത്തിനെ ഒഴിവാക്കി പൊലീസ്  ആംബുലന്‍സിലുള്ള സനലുമായി  നേരേ പോയത് ആശുപത്രിയിലേക്കല്ല. മെ‍ഡിക്കല്‍ കോളജിലേക്ക് പോകാന്‍ ടി.ബി. ജംഗ്ഷന്‍ വഴി പേകേണ്ടതിന് പകരം ആംബുലന്‍സ് പോയത് പൊലീസ് സ്റ്റേഷനിലേക്കുള്ള ആലുംമൂട് റോഡിലേക്ക്. ഇനിയാണ് ദൃശ്യങ്ങള്‍ കാണേണ്ടത്. നെയ്യാറ്റിന്‍കര ഗേള്‍സ് ഹൈസ് സ്കൂളിന്റെയും എസ് .ഐ ബ്രാഞ്ചിന്റെയും  ഇടയിലൂടെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് 10.25ന് ആംബുലന്‍സ് തിരിയുന്നു.

10.27 കഴിഞ്ഞ് ആംബുലന്‍സ് പൊലീസ് സ്റ്റേഷന്‍ റോഡില്‍ നിന്ന് പുറത്തേക്ക് വരുന്നത്. ജനറല്‍ ആശുപത്രിയില്‍ നിന്ന് നിമിഷം നേരം കൊണ്ട് ദേശീയപാതയിലൂടെ മെഡിക്കല്‍ കോളജിലേക്ക് പോകാം. എന്നാല്‍ ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് പോയതോടെ നിര്‍ണായകമായ അഞ്ചുമിനിറ്റാണ് നഷ്ടമായത്. മെഡിക്കല്‍ കോളജിലേക്ക് പോകാതെ സനലിന്റെ ജീവനുമായി  അരകിലോ മീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷന്‍ റോഡിലേക്ക് ആംബുലന്‍സ് പോയതിന്റെ ന്യായമാണ് വിചിത്രം. പൊലീസുകാരന്റെ ഡ്യൂട്ടി മാറി പുതിയ ആളെ ചുമതലയേല്‍പ്പിക്കാനായിരുന്നു ഈ യാത്ര. 

വാഹനമിടിച്ച് ഏറെ നേരം റോഡില്‍ കിടന്ന സനലിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് വൈകിയിരുന്നു. ഇതു കൂടാതെയാണ് ഡ്യൂട്ടിമാറാന്‍ പൊലീസുകാര്‍ ഗുരുതരാവസ്ഥയിലുള്ള സനലുമായി പൊലീസ് സ്റ്റേഷിനിലേക്ക് ആംബുലന്‍സ് കൊണ്ടു പോയത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.