ശബരിമലയിൽ അറസ്റ്റ് തുടരും; 150 പേരുള്ള ആൽബം പുറത്തിറക്കി

lalitha-case-protest
SHARE

ശബരിമല സംഘ‍ര്‍ഷത്തില്‍ അറസ്റ്റ് തുടരാന്‍ പൊലീസ് തീരുമാനം. 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ ആല്‍ബം പ്രസിദ്ധീകരിച്ചു. തൃശൂര്‍ സ്വദേശി ലളിതയെ തടഞ്ഞ കേസിലുള്‍പ്പെട്ടവരുടേതാണ് ചിത്രങ്ങള്‍. ജാമ്യമില്ല വകുപ്പുകളാണ് എല്ലാവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ എത്തിയ 7,200 തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ഥ ഭക്തരെന്നും ബാക്കിയുള്ളവര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നും പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം നട ആദ്യമായി തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന അക്രമങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ പൊലീസ് ശേഖരിച്ച് ഫെയ്സ് ഡിറ്റക്‌ഷൻ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശബരിമലയില്‍ സ്ഥാപിച്ച പ്രത്യേക ക്യാമറകളെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെടുത്തിയാണ് മുന്‍പ് അക്രമം നടത്തിയവരിൽ ഏതാനും പേർ വീണ്ടും എത്തിയതായി കണ്ടെത്തിയത്. ഈ മാസം 16ന് മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ഇവരുടെ പ്രവര്‍ത്തനം വീണ്ടും നിരീക്ഷിക്കും.

നേരത്തെ അക്രമം നടത്തി പൊലീസിന്റെ പിടിയിലായവര്‍ ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഭക്തര്‍ക്ക് അമ്പലത്തില്‍ എത്താനുള്ള സ്വാതന്ത്ര്യത്തെ തടയാന്‍ കഴിയില്ല. മണ്ഡല- മകരവിളക്ക് ഉത്സവത്തിനു മുന്‍പ് സുപ്രീംകോടതി യുവതീപ്രവേശ വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ഹര്‍ജികള്‍ തള്ളിയാല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാനാണ് തീരുമാനം.

ചിത്തിര ആട്ടത്തിരുനാളിന് 5, 6 തീയതികളില്‍ നട തുറക്കുന്നതുമായി ബന്ധപ്പെട്ട് നൂറ് വനിതാ പൊലീസ് ഉള്‍പ്പെടെ 2,300 പൊലീസിനെയാണ് ശബരിമലയില്‍ വിന്യസിച്ചത്. ദക്ഷിണ മേഖല എഡിജിപി അനില്‍കാന്തിന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയത്. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ ജോയിന്റ് പൊലീസ് കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐജി എം.ആര്‍.അജിത് കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐജി അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിച്ചു.

പത്തു വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടായിരുന്നു. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാൻഡോ സംഘത്തെയും വിന്യസിച്ചിരുന്നു. ഇത്രയും പൊലീസുകാരുണ്ടായിട്ടും ശബരിമലയിലെ സുരക്ഷയില്‍ വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

സന്നിധാനത്ത് അധികസമയം ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന തീരുമാനം പരാജയപ്പെട്ടു. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിച്ച് പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടായി. ഇത്തരം വീഴ്ചകള്‍ ഇനി അനുവദിക്കാനാകില്ലെന്നാണ് പൊലീസ് നിലപാട്. വനമേഖലകളിലടക്കം സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.