പ്രസംഗം കുരുക്കായി; ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാവകുപ്പിൽ കേസെടുത്തു

sreedharan-pillai-provoking-speech
SHARE

രാഷ്ട്രീയവിവാദമായ പ്രസംഗത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസ്  ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. യുവമോര്‍ച്ച വേദിയില്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗമാണ് പരാതിക്ക് അടിസ്ഥാനം.

ഒരു പൊതുപ്രവർത്തകന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് നടപടി. 

ശബരിമല വിഷയത്തിൽ അജൻഡ രൂപപ്പെടുത്തിയതു ബിജെപിയാണെന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വാക്കുകൾ രാഷ്ട്രീയവിവാദത്തിനു വഴി തുറന്നിരുന്നു. വിഷയം ബിജെപിക്കു സുവർണാവസരമാണെന്നും ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുൻപ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കോഴിക്കോട്ടു ഞായറാഴ്ച യുവമോർച്ച സംസ്ഥാനസമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അതു രഹസ്യ പ്രസംഗമായിരുന്നില്ലെന്നും ശബരിമല സമരത്തിൽ രാഷ്ട്രീയലക്ഷ്യം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും ശ്രീധരൻപിള്ള തിരുവനന്തപുരത്തു വിശദീകരിച്ചു. ജനസേവനമാണു പാർട്ടിയുടെ ലക്ഷ്യം. അതിനുള്ള സുവർണാവസരമായാണ് ഇതിനെ കാണുന്നത്. ബിജെപി അധ്യക്ഷനായല്ല, അഭിഭാഷകനെന്ന നിലയിലാണു തന്ത്രി കണ്ഠര് രാജീവരുമായി സംസാരിച്ചതെന്നും അവകാശപ്പെട്ടു.

നിയമോപദേശം തേടിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. നിയമസഭയിലെ അക്രമത്തിൽ ഉന്നത സിപിഎം നേതാക്കൾ തന്റെ ഉപദേശം തേടിയിരുന്നു. ടിപി വധക്കേസിൽ വക്കാലത്തുമായി സിപിഎമ്മുകാർ വന്നിട്ടുണ്ട്.

കോഴിക്കോട്ടെ യോഗത്തിൽ മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലും തൽസമയം കാണിച്ചു. മാധ്യമപ്രവർത്തകർ‍ക്കിടയിലെ സിപിഎം ഫ്രാക്​ഷനാണു പ്രസംഗം വിവാദമാക്കിയതെന്നും ഭരണകൂട ക്രൂരതകളിൽനിന്നു ശ്രദ്ധ തിരിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയിൽ ബിജെപി മുന്നോട്ടുവച്ച അജൻഡയെ പിന്തുടർന്ന മറ്റുള്ളവർ കൊഴിഞ്ഞുപോകുമെന്നും അവസാനം ബിജെപിയും എതിർകക്ഷിയായ കമ്യൂണിസ്റ്റ് സർക്കാരും മാത്രം അവശേഷിക്കുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ടു പറഞ്ഞിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.