ജലീലിനെതിരായ ബന്ധുനിയമനവിവാദം സിപിഎം പരിശോധിക്കുമെന്ന് കൊടിയേരി

kodiyeri-jaleel-01
SHARE

മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ക്ക് നിയമാനുസൃത മാര്‍ഗങ്ങള്‍ തേടാമെന്നും കോടിയേരി അറിയിച്ചു. മന്ത്രി ജലീല്‍ ഇന്ന് കോടിയേരിയെ കണ്ടിരുന്നു. 

ബന്ധുനിയമന വിവാദത്തില്‍ കുരുക്ക് മുറുകുന്നതിനിടെ മന്ത്രി കെ.ടി.ജലീല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് പന്ത്രണ്ടുമണിക്ക് എ.കെ.ജി സെന്ററില്‍ നടന്ന കൂടിക്കാഴ്ച ഇരുപതു മിനിറ്റോളം നീണ്ടു. വിവാദം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുന്നതിനു മുന്നോടിയായാണ് കോടിയേരിയെ കാണാന്‍ ജലീല്‍ എത്തിയത്. 

നിയമനം ചട്ടങ്ങള്‍ ലംഘിച്ചാണെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ മന്ത്രിയില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയെന്നാണ് സൂചന.  

ഇതിനിടെ, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ 'ജനറൽ മാനേജർ തസ്തികയിൽ നടന്ന നിയമനത്തിന്  മന്ത്രി കെ.ടി ജലീന്റെ പിതൃസഹോദര പുത്രന് മാത്രമേ യോഗ്യതയുണ്ടായിരുന്നുളുവെന്ന് കോർപ്പറേഷൻ ചെയർമാൻ എ.പി. അബ്ദുൾ വഹാബ് പറഞ്ഞു.

നിയമനം സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ പറ്റില്ല. സ്വകാര്യ ബാങ്കിൽ നിന്ന് ഡെപ്യൂട്ടേഷന്‍ നൽകാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്. മന്ത്രി ബന്ധുവിന്റെ  നിയമനത്തിനായി യോഗ്യതയിൽ മാറ്റം വരുത്തിയ സമയത്ത് കോർപ്പറേഷന്‍ ഡയറക്ടർ ബോർഡോ ,ചെയർമാനോ ഉണ്ടായിരുന്നില്ല. സർക്കാരാണ് മാറ്റം വരുത്തിയതെന്നും ചെയർമാൻ വ്യക്തമാക്കി.

ബന്ധു നിയമനവിഷയത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ  മലപ്പുറം  തവനൂരിലെ മന്ത്രിയുടെ ക്യാമ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഓഫിസിനു സമീപം മാർച്ച് പൊലിസ് തടഞ്ഞു.മന്ത്രി രാജിവെക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജലീലിനെ പുറത്താക്കാത്ത മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്നും അദ്ദേഹം പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.