കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; അപൂര്‍വ നടപടി

biju-ajayakumar
SHARE

കോട്ടയത്തെ ദുരഭിമാനക്കൊലയില്‍ പിരിച്ചുവിടല്‍ നടപടിയുമായി പൊലീസ്. കെവിന്‍ വധക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസുകാര്‍ക്കെതിരെയാണ് നടപടി. എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു.  ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്‍റെ മൂന്നുവര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി. 

കെവിന്റെ തിരോധാനത്തില്‍ പൊലീസ് നടപടികളില്‍ മുമ്പുണ്ടാകാത്തവിധം വീഴ്ചവന്നതായി സൂചിപ്പിച്ച് ഐ.ജി വിജയ് സാഖറെ അടക്കം അന്ന് രംഗത്തെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയിൽ നിന്നാണ് ബിജുവടക്കം കോഴ  വാങ്ങിയത്.   

ഗാന്ധിനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ടി.എം. ബിജു, സിവിൽ പൊലീസ് ഓഫിസർ അജയകുമാർ എന്നിവർക്കാണ്  നടപടി. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽ നിന്ന് 2000 കോഴ വാങ്ങിയെന്നായിരുന്നു ഇരുവർക്കുമെതിരെയുള്ള കേസ്.   

ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗർ എഎസ്ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിൽനിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴി‍ഞ്ഞ ദിവസം മൊഴി കൊടുത്തത്. 

കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലർച്ചെ പരാതി നൽകിയവരുടെ പക്കൽനിന്ന് ലഭിച്ച ഫോൺ നമ്പരിൽ വിളിക്കുകയായിരുന്നു. ഫോൺ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഫോൺ വയ്ക്കുന്നതിനു മുമ്പ് 'എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം' എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്ഐ ബിജു കേട്ടിരുന്നു. 

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാൻ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയിൽ എഎസ്ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്പോർട്ടും പരിശോധിച്ചിരുന്നു.  

ഇതിലെ വിലാസവും രാവിലെ ഫോൺ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പകരം പ്രതികളിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.