മരണകാരണം തലയിലെ പരുക്ക്; തുടയ്ക്കും വാരിയെല്ലിനും പൊട്ടല്‍, ആന്തരിക രക്തസ്രാവവും

sanal-postmortem
SHARE

നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി. കാറിനുമുന്നില്‍ തള്ളിയിട്ട യുവാവ് മരിച്ചത് തലയ്ക്കേറ്റ ക്ഷതംമൂലമെന്ന് നിഗമനം.  പോസ്റ്റുമോര്‍ട്ടത്തിനുശേഷം  പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് വിവരം. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാസകലം ക്ഷതമേറ്റിരുന്നെന്നും ആന്തരികരക്തസ്രാവവുമുണ്ടായിരുന്നെന്നും കണ്ടെത്തി. 

അതിനിടെ പ്രതിയായ ഡിവൈ.എസ്.പി... ബി.ഹരികുമാര്‍‌ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. തിരുവനനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെയും കൊണ്ട് ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്ക് പോയെന്നത് സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവറും രംഗത്തെത്തിയതോടെ കുരുക്ക് മുറുകി. പൊലീസുകാര്‍ നിര്‍ദേശിച്ചപ്രകാരമാണ് സ്റ്റേഷനിലേക്ക് പോയത്. റൂട്ട് മാറണമെന്ന് പൊലീസുകാരന്‍ ആവശ്യപ്പെട്ടെന്നും ‍ഡ്രൈവര്‍ അനീഷ് മനോരമന്യൂസിനോട് പറഞ്ഞു.

 സനലിനോട് പൊലീസുകാര്‍ കാട്ടിയ ക്രൂരത ആംബുലന്‍സ് വഴിതിരിച്ചുവിട്ടതില്‍ അവസാനിച്ചില്ല. മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ച പൊലീസുകാര്‍ ആത്മഹത്യാശ്രമം എന്നാണ് ഡോക്ടര്‍മാരെ അറിയിച്ചത്. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനം ഇടിച്ചതാണെന്ന് മാറ്റിപ്പറഞ്ഞു. മരണം സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഇവര്‍ സ്ഥലംവിടുകയും ചെയ്തു.

സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് ആദ്യം പരിശോധിച്ച പിജി ഡോക്ടര്‍മാരോട് പൊലീസുകാര്‍ പറഞ്ഞത്. മുറിവിന്റെ സ്വഭാവത്തില്‍ സംശയം തോന്നി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ വാഹനമിടിച്ചതാണെന്ന് വെളിപ്പെടുത്തി. തുടര്‍ന്ന് സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. ഈസമയം സനലിന്റെ ബന്ധുക്കള്‍ കാഷ്വാല്‍റ്റിയിലെത്തിയെങ്കിലും മരണവിവരം പൊലീസുകാര്‍ മറച്ചുവച്ചു. മെഡിക്കല്‍ കോളജ് എസ്ഐയും ആശുപത്രിയിലുണ്ടായിരുന്നു. സിഐ ഉള്‍പ്പെടെയുള്ള മേലുദ്യോഗസ്ഥരെ എസ്ഐ വിവരം അറിയിച്ചില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെ പൊലീസുകാരും എസ്ഐയും മുങ്ങി.

മരണം സ്ഥിരീകരിച്ച് പൊലീസുകാര്‍ സ്ഥലംവിട്ടതിനുതൊട്ടുപിന്നാലെയാണ് പ്രതിയായ ഡിവൈഎസ്പി ഹരികുമാറിന്റെ മൊബൈല്‍ ഫോണുകള്‍ നിശ്ചലമായത്. എസ്ഐയുടെ നിസംഗത രക്ഷപെടാന്‍ പ്രതിക്ക് സാവകാശം ഒരുക്കുകയും ചെയ്തു.

സനലിനെ കാറിനുമുന്നില്‍ തള്ളിയിട്ട ഡിവൈഎസ്പി ചെയ്തതിനൊപ്പം ഗുരുതരമായ കുറ്റകൃത്യമാണ് കൂട്ടുനിന്ന പൊലീസുകാര്‍ ചെയ്തതെന്ന് വ്യക്തം. ഇതിന്മേല്‍ ശക്തമായ തുടര്‍നടപടി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പൊലീസിന്റെ നേതൃത്വത്തിനാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.