ശിവദാസന്‍റെ മരണം പൊലീസ് നടപടിയിലല്ല; ശരിവച്ച് മകനും; ബിജെപി കള്ളം പൊളിഞ്ഞു

sabarimala
SHARE

പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത് ഒക്ടോബര്‍  18ന് രാവിലെയാണെന്ന് മകന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്ക് ശിവദാസന്‍ വിളിച്ചിരുന്നതായും  25ന് പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 

പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. പരാതിപ്രകാരം  അതിനുശേഷമാണ് വീട്ടുകാരുടെ ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതുതന്നെ. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്.പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.  

പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പത്തനംതിട്ട എസ്.പി സി. നാരായണന്‍ പറഞ്ഞു. 16,17 തിയതികളിലാണ് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികള്‍ ഉണ്ടായത്. ശിവദാസന്‍ 18നാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് തിരിച്ചത്. 19ന് ദര്‍ശനം കഴി‍ഞ്ഞ് ഇറങ്ങിയത് വീട്ടിലേക്ക് അറിയിച്ചിരുന്നു. ഇതിനുശേഷമാണ് കാണാതായത്. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്.പി പറഞ്ഞു.

ശിവദാസന്‍റെ മരണം നിലയ്ക്കിലിൽ പൊലീസ് നടപടിക്കാണെന്ന സംഘപരിവാർ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ  മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇന്നലെ പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബർ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാൾ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാർ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനിൽ മാൻ മിസിങ്ങ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു. 

പത്തനംതിട്ട – നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയിൽ അക്രമികൾക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെതുടർന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ തന്നെ ഈ വ്യാജവാർത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 

മരിച്ചയാളുടെ മോപ്പഡ് (മോട്ടർസൈക്കിൾ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ്‌ ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും പൊലീസ് പത്രക്കുറിപ്പിൽ പറയുന്നു.വ്യാജവാർത്ത നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും െപാലീസ് മുന്നറിയിപ്പ് നൽകുന്നു. 

പത്തനംതിട്ട ജില്ലയില്‍ ബി.ജെ.പി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം ഇന്നലെയാണ്  പമ്പ  കമ്പകത്തുംവളവില്‍  കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിന്  വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്ന് പൊലീസ് പറയുന്നത്. 

പത്തനംതിട്ട ജില്ലയില്‍  ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ പൂര്‍ണമാണ്. കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും തുറന്നിട്ടില്ല. ശബരിമലയിലേക്ക് പോയ പന്തളം സ്വദേശി സദാശിവന്റെ  മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. 

ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിളള, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവർ പൊലീസിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് വിശദീകരണം. ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും അയ്യപ്പധർമ്മം കാക്കാൻ ബലിദാനിയായ ആളാണ് ശിവദാസെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രൻ ആരോപിച്ചിരുന്നു. അങ്ങയുടെ വീരബലിദാനം അയ്യപ്പധർമ്മം നിലനിൽക്കുന്നിടത്തോളം കാലം ഓർമ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാൻ. അഞ്ചാംതീയതി നടതുറക്കുമ്പേൾ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാൻ പോകുന്നില്ല.– കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.