തീപിടിത്തത്തിനു കാരണം ഫാമിലി പ്ലാസ്റ്റിക്സിന്റെ ഗുരുതര വീഴ്ച

manvila-fire
SHARE

തിരുവനന്തപുരം കാര്യവട്ടത്തിനു സമീപം മണ്‍വിളയിലുണ്ടായ വന്‍ അഗ്നിബാധയിലേക്കു നയിച്ചത് ഫാമിലി പ്ലാസ്റ്റിക്സ് സ്ഥാപനത്തിന്റെ ഗുരുതര വീഴ്ചയെന്നു വിലയിരുത്തൽ. 

തീപിടിത്തമുണ്ടായത് ഫയര്‍ഫോഴ്സിനെ അറിയിച്ചത് ഒരു മണിക്കൂറോളം വൈകിയാണ്. മുന്നറിയിപ്പ് ലംഘിച്ച് ഫാക്ടറിക്കുള്ളില്‍ ഡീസലും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും സൂക്ഷിച്ചു. രണ്ടുദിവസം മുന്‍പുണ്ടായ തീപിടിത്തം ഗൗരവമായി എടുത്തില്ല. ഫാക്ടറി സ്ഥിതിചെയ്യുന്ന കെട്ടിടം അപകടാവസ്ഥയിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. 

മണ്‍വിള തീപിടിത്തം  ഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുമന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. പ്രത്യേക അന്വേഷണത്തിന് ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രനും ഉത്തരവിട്ടു. തീപിടിത്തമുണ്ടായ സ്ഥലം എ. ഹേമചന്ദ്രന്‍ സന്ദര്‍ശിച്ചു

വൈകീട്ട്് 7.15–ഓട് കൂടിയാണ് കാര്യവട്ടത്തിന് സമീപമുള്ള മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും തീയണഞ്ഞില്ല. 7.45–ഓടെ ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. കസേരയും, മേശയും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും ഗോഡൗണ്‍ നിറയെയുണ്ടായിരുന്നു. ഇതെല്ലാം കത്തിയതോടെയാണ് തീ നിയന്ത്രണം വിട്ടുപോയത്. 

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള 45 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. തീ കെടുത്താനാകെ വന്നതോടെ വിമാനതാവളത്തില്‍ നിന്നും 2 രണ്ട് പാംപര്‍ ഫയര്‍ എ‍ഞ്ചിനുകളുമെത്തി. പ്ലാസ്റ്റിക് നിര്‍മാണത്തിനുപയോഗിക്കുന്ന പെട്രോളിയം ഉല്‍പന്നമായ അസംസ്കൃത വസ്തുക്കള്‍ കെടുത്താന്‍ ശ്രമിക്കുംതോറും ആളിക്കത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ , ഇ.ചന്ദ്രശേഖരന്‍, ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി എ.ഹേമചന്ദ്രന്‍, ജില്ല കലക്ടര്‍ കെ.വാസുകി തുടങ്ങിയവര്‍ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തി. തീ പിടിച്ച രണ്ട് കെട്ടിടങ്ങള്‍ക്ക് സമീപം സൂക്ഷിച്ചിരുന്ന ഏഴായിരത്തോളം ലീറ്റര്‍ ഡീസല്‍ അടിയന്തരമായി മാറ്റാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദേശം നല്‍കി. 

മൂന്നാമത്തെ കെട്ടിടത്തില്‍ നിറയെ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ അടുക്കിയിരുന്ന ഗോഡൗണിലേക്ക് തീ കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഫയര്‍ ലൈന്‍ സൃഷ്ടിച്ചതോടെ വലിയ അപകടം ഒഴിവായി. 

സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും ജനങ്ങളെ പൊലീസ് ഇതിനിടെ ഒഴിപ്പിച്ചു. സംഭവ സ്ഥലത്തേയ്ക്കുള്ള വഴി തടയുകയും , വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലായതോടെ അപകട സ്ഥലത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ഇതിനിടെ ഒരു കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു വീണു. ഫാക്ടറിക്കടുത്തുനിന്ന് ശക്തമായ സ്ഫോടന ശബ്ദങ്ങള്‍ ഇടക്കിടെ കേള്‍ക്കാമായിരുന്നു. അപകടത്തില്‍ 400 കോടിയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അറിയിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.