ശബരിമലയിലെ ‘രക്ത’ച്ചൊരിച്ചില്‍; രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്; കുരുക്ക്

rahul-eswar-pressmeet
SHARE

ശബരിമലയില്‍ ചോരവീഴ്ത്താന്‍ ഒട്ടേറേപേര്‍ തയ്യാറെടുത്തിരുന്നെന്ന പരാമര്‍ശത്തില്‍ അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. എറണാകുളം പ്രസ്ക്ലബിലാണ് രാഹുല്‍ വിവാദപരാമര്‍ശം നടത്തിയത്. ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്നായിരുന്നു രാഹുല്‍ പറ‍ഞ്ഞത്. ‘കയ്യിൽ സ്വയം മുറിവേൽപിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. ഇതായിരുന്നു ഞങ്ങളുടെ പ്ലാൻ ബി. സർക്കാരിനു മാത്രമല്ല, ഞങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും...’ രാഹുല്‍ പറഞ്ഞു

പറഞ്ഞത് വിവാദമായതിന് പിന്നാലെ ഫെയ്സ്ബുക്ക് ലൈവിലെത്തി ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധവും ഉയര്‍ന്നു. രാഹുല്‍ ഈശ്വറിന്റേത് വിടുവായത്തം മാത്രമായി കാണാനാകില്ലെന്നും ശബരിമലയില്‍ രക്തച്ചൊരിച്ചിലുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയാണ് ചെയ്തതെന്നും കടകംപള്ളി കുറ്റപ്പെടുത്തി. 

രാഹുലിന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു: ‘ശബരിമലയിൽ യുവതീ പ്രവേശമുണ്ടായാൽ രക്തംവീഴ്ത്തി അശുദ്ധമാക്കാൻ തയാറായി 20 പേർ നിന്നിരുന്നുവെന്ന് എന്റെ സത്യസന്ധ്യത കൊണ്ടാണ് ഞാൻ പറഞ്ഞത്. അവർ എന്നെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയാണ് ഞാൻ ചെയ്തത്. രാഹുലിനെതിരെയല്ല എല്ലാ അയ്യപ്പ ഭക്തന്മാര്‍ക്കും എതിരെയാണ് സർക്കാരിന്റെ നീക്കം. ഈ രാജ്യത്തെ സ്നേഹിക്കുന്ന നമ്മളാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍. ഇന്ത്യയാണ് നമ്മുടെ മാതൃരാജ്യം. ചൈന അടക്കമുളള മറ്റ് വിദേശ രാജ്യങ്ങളല്ല നമ്മുടെ മാതൃരാജ്യം.’

ശബരിമലയിൽ പോരാട്ടത്തിന് തയാറെടുക്കുകയാണെന്ന് വ്യക്തമാക്കി  രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമങ്ങളില്‍ അല്‍പം മുന്‍പ് രംഗത്തുവന്നിരുന്നു. ആശയ വിനിമയത്തിനായി അയ്യപ്പ ഭക്തര്‍ക്ക് വാക്കി ടോക്കി വിതരണം ചെയ്യുമെന്നും മുസ്‌‌ലിം, ക്രിസ്ത്യന്‍ സഹോദരങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും കുറിപ്പില്‍ രാഹുല്‍ പറയുന്നു. നവംബര്‍ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പ്രാർഥനായജ്ഞത്തിന്റെ ഭാഗമായി ഭക്തർക്ക് വാക്കിടോക്കികൾ വിതരണം ചെയ്യുമെന്നും ഇതിനായി പൊലീസിൽ നിന്ന് അനുമതി വാങ്ങുമെന്നും രാഹുൽ മനോരമന്യൂസ് ഡോട്ട് കോമിനോട് പിന്നീട് പറഞ്ഞു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.