പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുത്:മണി

mm-mani
SHARE

ശബരിമല വിഷയത്തില്‍ പന്തളം രാജകുടുംബം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്ന് മന്ത്രി എം.എം. മണി. രാജകുടുംബാംഗങ്ങള്‍ വിഡ്ഢിത്തം പുലമ്പുകയാണ്. ശബരിമലയില്‍ എത്തുന്നവരെ ആക്ടിവിസ്റ്റാണോ വിശ്വാസിയാണോ എന്നു തുരന്നു നോക്കാനാകില്ല. ഇക്കാര്യത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതു ശരിയല്ല. ശബരിമലയില്‍ ദര്‍ശനം നടത്താനായി സ്ത്രീകളെ പിന്‍വാതിലിലൂടെ കടത്തിവിട്ട തന്ത്രിയുണ്ടെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറത്തറയില്‍ ബാണാസുര സാഗര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു എം.എം. മണി. 

അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ വിടുവായനെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. കൊച്ചി എളമക്കരയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധമായ ശബരിമല സന്നിധാനത്തെ കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയാണ് രാഹുല്‍ ഈശ്വറിന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. രാഹുല്‍ ഈശ്വറിന്റേത് വിടുവായത്തം മാത്രമായി കാണാനാകില്ലെന്നും ശബരിമലയില്‍ രക്തച്ചൊരിച്ചിലുണ്ടാക്കി കലാപത്തിന് ശ്രമിക്കുകയാണ് ചെയ്തതെന്നും കടകംപള്ളി കുറ്റപ്പെടുത്തി. യഥാര്‍ഥ വിശ്വസികളുടെ വിഷമം ഉള്‍ക്കൊള്ളുന്നുവെന്നും അയ്യപ്പ ഭക്തരുടെ വേഷം ധരിച്ച ചെന്നായ്ക്കളോടും അമ്പലം വിഴുങ്ങികളോടുമാണ് സര്‍ക്കാരിന് എതിര്‍പ്പെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ നിയന്ത്രിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി . ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള ആരോപിച്ചു . ശബരിമല തീര്‍ഥാടകരെ നിയന്ത്രിക്കാനുളള സര്‍ക്കാര്‍ നടപടി വിശ്വാസത്തിനെതിരായ വെല്ലുവിളിയാണ്. ഇടതുസര്‍ക്കാര്‍ നടപടി വന്‍ചതിയാണ്. ഇതിന് കാലം പിണറായിക്ക് മറുപടി നല്‍കുമെന്ന് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE