നിലപാട് വിഴുങ്ങി വെള്ളാപ്പള്ളി; ‘ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം, സര്‍ക്കാരിന് ഒപ്പമല്ല’

vellappally-thushar
SHARE

ശബരിമല വിധിക്കെതിരായ പ്രതിഷേധം രണ്ടാം വിമോചനസമരമെന്ന നിലപാടു വിഴുങ്ങി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍. യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാരസംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം വിശ്വാസികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ വിശദമാക്കി. ചേര്‍ത്തലയില്‍ചേര്‍ന്ന എസ്എൻഡിപി സംസ്ഥാന കൗണ്‍സിലിന്‍റേതാണ് തീരുമാനം.

വിശ്വാസത്തിന്റെ കാര്യത്തിൽ എസ്എൻഡിപി ഭക്തർക്കൊപ്പമാണെന്നും സർക്കാരിനൊപ്പമല്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേര്‍ത്തു. എന്ത് വിധി വന്നാലും ഈഴവ സമുദായത്തിൽപ്പെട്ട സ്ത്രീകൾ ശബരിമലയിൽ പോകില്ല, അതുകൊണ്ട് തന്നെ ഈ വിധി അപ്രസക്തമാണ്. എല്ലാ ഹിന്ദുസംഘടനകളുമായി കൂടിയാലോചിച്ച ശേഷം വിധിക്കെതിരായുള്ള പ്രതിഷേധം നടത്തിയിരുന്നെങ്കിൽ എസ്എൻഡിപിയും ഒത്തുചേരുമായിരുന്നു. അങ്ങനെയൊന്ന് നടക്കാത്തതുകൊണ്ട് ഇപ്പോൾ നടക്കുന്ന സമരം കലാപത്തിലേക്ക് നയിക്കുന്ന ഒന്നാണെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. 

നേരത്തെ സര്‍ക്കാരിനെ തുണച്ചും സമരത്തിനെതിരെ നിലപാടെടുത്തും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ബിഡിജെഎസ് ആകട്ടെ ബിജെപിയുടെ ഒപ്പം ശബരിമല സംരക്ഷണ യാത്ര യില്‍ അണി ചേരുകയും ചെയ്തു. വെള്ളാപ്പള്ളിയുടെ നിലപാട് മാറ്റാന്‍ ആര്‍എസ്എസ് ശ്രമം തുടങ്ങിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മലക്കംമറിച്ചില്‍. 

വെള്ളാപ്പള്ളിയുടെ നിലപാടു മാറ്റത്തില്‍ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉടനടി രംഗത്തെത്തി. ഒാരോരുത്തര്‍ക്കും അവരവരുടേതായ നിലപാടുകള്‍ ഉണ്ടാകാം. സര്‍ക്കാര്‍ ഭരണഘടനാനുസൃതമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.