'രണ്ടാമൂഴ'ത്തിന് കോടതി വിലക്ക്; സംവിധായകന് നോട്ടീസ്; നടപടി എംടിയുടെ ഹര്‍ജിയില്‍

randamoozham-stay
SHARE

എം.ടിയുടെ 'രണ്ടാമൂഴം' തിരക്കഥ സിനിമയ്ക്ക് ഉപയോഗിക്കുന്നതിന് വിലക്ക്.  എഴുത്തുകാരന്‍ തന്നെ നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മാണക്കമ്പനിക്കും കോടതി നോട്ടിസ് അയച്ചു. കേസ് ഊമാസം 25ന്  പരിഗണിക്കും.  തിരക്കഥ തിരികെവേണമെന്നാണ് എം.ടിയുടെ ആവശ്യം. കാലാവധി കഴിഞ്ഞിട്ടും തിരക്കഥ സിനിമയാക്കിയില്ലെന്നാണ് ആക്ഷേപം. 

ആയിരം കോടി മുടക്കിയുള്ള ബ്രഹ്മാണ്ഡ സിനിമ രണ്ടാമൂഴം എംടി ഹര്‍ജി നല്‍കിയതോടെയാണ് പ്രതിസന്ധിയില്‍ ആയത്. സംവിധായകന്‍ കരാര്‍ പാലിക്കാത്തതിനെ ാണ്എം.ടി.വാസുദേവന്‍ നായര്‍ സിനിമയില്‍ നിന്ന് പിന്‍മാറുന്നെന്ന് എംടി തന്നെ വ്യക്തമാക്കി.  എം.ടിയെ കാര്യങ്ങള്‍ ബോധ്യപെടുത്തുന്നതില്‍ വീഴ്ചപറ്റിയെന്ന് സമ്മതിച്ച് ഇതിനിടെ സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍  തന്നെ രംഗത്തെത്തുകയും ചെയ്തു. 

ഇന്ത്യന്‍ സിനിമ  അമ്പരപ്പോടെ കേട്ട   പ്രഖ്യാപനമായിരുന്നു രണ്ടാമൂഴം സിനിമായാക്കുന്നുവെന്നത്. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായി പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടി ആയിരം കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന സിനിമ. ഇതിനായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എം.ടിയുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. മൂന്നുകൊല്ലത്തിനുള്ളില്‍ ഷൂട്ടിങ് തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍  നാലുവര്‍ഷം പിന്നിട്ടിട്ടും ഷൂട്ടിങ് തുടങ്ങാത്തിനെ തുടര്‍ന്നാണ് എം.ടി കോടതിയെ സമീപിച്ചത്.  

തിരക്കഥ മറ്റാര്‍ക്കെങ്കിലും നല്‍കുന്നത് പരിഗണിക്കുമെന്നും എം.ടി മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമയുടെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും പുരോഗതി എം.ടിയെ അറിയിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും സംവിധായകന്‍ സമ്മതിച്ചു. കാര്യങ്ങള്‍ ബോധ്യപെടുത്തി ജൂലൈയില്‍ ഷൂട്ടിങ് തുടങ്ങുമെന്നും ശ്രീകുമാര്‍ മോനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ശ്രീകുമാർ ഫെയ്സ്ബുക്കില്‍ പറഞ്ഞത് ഇങ്ങനെ: 

എംടി സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാഞ്ഞത് എന്റെ  വീഴ്ചയാണ്. അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. രണ്ടാമൂഴം നടക്കും. ശ്രീകുമാർ മേനോൻ പറയുന്നു. ഞാൻ അദ്ദേഹത്തെ നേരിൽ ചെന്ന് കണ്ട് കാര്യങ്ങൾ വ്യക്തമാക്കും. അദ്ദേഹത്തിന് എത്രയും വേഗം രണ്ടാമൂഴം സിനിമയായി കാണണം എന്ന ആഗ്രഹമുണ്ട്. ആ ആഗ്രഹം ഞാൻ നിറവേറ്റും. തിരക്കഥ എഴുതി കൊടുക്കുന്നതിന് മുൻപും, തിരക്കഥ എന്റെ കൈകളിൽ വച്ച് തരുമ്പോഴും ഞാൻ ആ കാലുകൾ തൊട്ട് വന്ദിച്ചു കൊടുത്ത വാക്കാണ്. 

ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തു. നിർമ്മാതാവ് ബി ആർ ഷെട്ടിയും ഞാനും ഇതിനോടനുബന്ധിച്ച് കഴിഞ്ഞ മാസം യു. എസ് സന്ദർശിച്ചിരുന്നു.

മുൻപ് സ്ഥിരമായി എം. ടി സാറിനെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴി അദ്ദേഹത്തെ പ്രോജെക്ക്റ്റിന്റെ പുരോഗതിയെ കുറിച്ചും മറ്റും അറിയിക്കാറുണ്ടായിരുന്നു. എന്നാൽ ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല.

ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരുന്നിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കും. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്. എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും.മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നിറവേറ്റാൻ ബി. ആർ. ഷെട്ടിയെ പോലൊരു നിർമ്മാതാവ് കൂടെയുള്ളപ്പോൾ അത് അസംഭവ്യമാകും എന്ന് ഞാൻ ഭയപ്പെടുന്നില്ല.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.