കേരളം ജലനയം രൂപീകരിക്കണം; പ്രളയ നഷ്ടം 45,000 കോടി: യുഎന്‍ റിപ്പോര്‍ട്ട്

kerala-flood
SHARE

പ്രളയദുരന്തത്തെ നേരിടാന്‍ കേരളം നെതര്‍ലന്‍ഡ്സ് മാതൃകയില്‍ ജലനയം രൂപീകരിക്കണമെന്ന്  യുഎന്‍. സംസ്ഥാനത്തിന്റ പുനരുജ്ജീവനത്തിന് നാല്‍പത്തിയയ്യായിരം കോടി രൂപ വേണ്ടിവരുമെന്ന് പ്രളയക്കെടുതി പഠിച്ച യു.എന്‍ സംഘം ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളുടെ പുനരുദ്ധാരണത്തിന് മാത്രം 5659 കോടി രൂപ വേണം. അന്തിമ റിപ്പോര്‍ട്ട് 22ന് സമര്‍പ്പിക്കും.

വീടുകള്‍ പൂര്‍ണമായും നശിച്ചവകയില്‍ 5296 കോടിയുടേയും കേടുപാടുകളുണ്ടായതില്‍ 1383 കോടിയുടേയും നഷ്ടമുണ്ടായാതായി യു.എന്‍ സംഘം വിലയിരുത്തുന്നു. ആരോഗ്യരംഗത്തിന്റ പുനരുദ്ധാരണത്തിന്  567 കോടി രൂപ വേണം. വിദ്യാഭ്യാസ രംഗത്ത് 213 കോടിയുടെ നഷ്ടം. കുടിവെളളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 1331 കോടിയും കാര്‍ഷിക മല്‍സ്യബന്ധന മേഖലകളെ പുനരുജ്ജീവിപ്പിക്കാന്‍ 4499 കോടിയും കണ്ടെത്തണം. 

റോഡുകളുടെ പാലങ്ങളുടേയും പുനര്‍നിര്‍മാണത്തിന് 8554 കോടി ഊര്‍ജമേഖലയില്‍ 353 കോടിയും ജലസേചനത്തിന് 1484 കോടിയും. ഒാരോ രംഗത്തും വരുത്തേണ്ട മാറ്റം റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒാരോയിടത്തേയും ജലത്തിന്റ ലഭ്യതയ്ക്കും ഒഴുക്കിനും അനുസരിച്ച് ഡച്ച് മാതൃകയില്‍ ജലനയം രൂപീകരിക്കണം,കുട്ടനാടിന് വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണം. 

പ്രളയബാധിത മേഖലകളില്‍ താമസം ഒഴിവാക്കണം. നവകേരള നിര്‍മാണത്തിന് ന്യൂസിലാന്‍ഡിലേയും ഇന്‍ഡോനേഷ്യയിലേയും പോലെ അഞ്ചുവര്‍ഷ കാലാവധിയുള്ള ഒരു ഏജന്‍സിയെ നിയോഗിക്കണമെന്നും സംഘം ശുപാര്‍ശ ചെയ്യുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഘം ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. ഐക്യരാഷ്ട്രസഭയുടെ കീഴിലെ 12 രാജ്യാന്തര ഏജന്‍സികളാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.