പി.കെ.ശശി അപമര്യാദയായി പെരുമാറി; കടുത്ത നടപടിക്ക് സാധ്യതയില്ല

Pk-sasi
SHARE

ഡി.വൈ.എഫ് ഐ വനിതാ നേതാവിന്റെ പരാതിയില്‍  പി.കെ.ശശി എംഎൽഎക്കെതിരെ കടുത്ത നടപടിക്ക് സാധ്യതയില്ല. പരാതിയേപ്പറ്റി അന്വേഷിച്ച എ.കെ.ബാലന്‍–പി കെ ശ്രീമതി കമ്മീഷന്‍ നാളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശശി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെങ്കിലും  അത് ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് കമ്മീഷന്‍ നിഗമനം. 

 പി.കെ.ശശിക്ക് എതിരായ പരാതിയില്‍ വിശദമായ മൊഴിയെടുത്ത കമ്മീഷന്‍ ശശി കുറ്റക്കാരനാണെന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.എന്നാല്‍ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ ശശിയുടെ നടപടി വരില്ലെന്നാണ് വിവിധ തലങ്ങളില്‍ നടത്തിയ മൊഴിയെടുപ്പില്‍ കമ്മീഷന്‍ കണ്ടെത്തിയത്.  പാര്‍ട്ടിയില്‍ വിശ്വസിച്ച് വനിതാ നേതാവ് തന്ന പരാതിയില്‍ അവര്‍ക്ക് കൂടി സ്വീകാര്യമായ നടപടിയാവും അന്വേഷണം കമ്മീഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ടു ചെയ്യുക.

മറ്റന്നാള്‍ ചേരുന്ന സംസ്ഥാനസമിതിയാവും നടപടി തീരുമാനിക്കുക. പാലക്കാട് ജില്ല സെക്രട്ടറിയേറ്റ് അംഗമായ ശശിയേ തരംതാഴ്ത്തുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. എന്നാല്‍ കണ്ണൂരില്‍ പി.ശശിക്കെതിരേ എടുത്തത് പോലെയുള്ള  പുറത്താക്കല്‍  നടപടിയുണ്ടാവില്ല.  നിയമസഭാംഗം എന്ന  സാഹചര്യം കൂടി പരിഗണിച്ചാവും സംസ്ഥാന നേതൃത്വം തീരുമാനം എടുക്കുക. 

കടുത്ത നടപടിയിലേക്ക് പോയില്ലെങ്കിലും പരാതിക്കാരിയായ പെണ്‍കുട്ടി പൊലീസിനേ സമീപിക്കില്ലെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. രണ്ടു തവണ പി.കെ.ശശിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരേ ഗൂഡാലോചന നടന്നുവെന്ന പി.കെ.ശശിയുടെ പരാതിയും കമ്മീഷന്‍ പരിശോധിച്ചിട്ടുണ്ട്. സി .കെ.രാജേന്ദ്രന്‍, എം.ബി രാജേഷ് ഉള്‍പ്പടെയുള്ള നേതാക്കളുടെ മൊഴിയും അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച രണ്ടു ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് എതിരേ നടപടി വന്നേക്കാനും സാധ്യതയുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.