ആഡംബര ഫ്ലാറ്റടക്കം 54 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നിയമവിരുദ്ധമെന്ന് കാര്‍ത്തി

karti-chidambaram-1
SHARE

ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി.ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്ത് കണ്ടുകെട്ടി. അന്‍പത്തിനാല് കോടിരൂപയുടെ സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. നടപടി അസ്വാഭാവികമാണെന്നും നിയമപോരാട്ടം നടത്തുമെന്നും കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ പ്രതികരിച്ചു.

പി.ചിദംബരത്തിനു കൂടി ഉടമസ്ഥാവകാശമുളള ഡല്‍ഹി ജോര്‍ബാഗിലെ ആഢംബരഫ്ളാറ്റ്, കൊടൈക്കനാലിലും ഊട്ടിയിലുമുളള വസ്തുക്കള്‍ എന്നിവയ്ക്ക് പുറമെ സ്പെയിനിലെയും യു.കെയിലെയും സ്വത്തുവകകളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാര്‍ത്തിചിദംബരത്തിന്‍റെ ഉടമസ്ഥതയിലുളള കമ്പനിയുടെ പേരില്‍ ചെന്നൈയിലെ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തൊണ്ണൂറ് ലക്ഷം രൂപയും പിടിച്ചെടുത്തു.

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ സി.ബി.ഐയ്ക്ക് പുറമെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നത്. കാര്‍ത്തിയുടെ വസതികളിലും സ്ഥാപനങ്ങളിലും നേരത്തേ പരിശോധന നടത്തിയിരുന്നു. കാര്‍ത്തിയെ ചോദ്യം ചെയ്ത് മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് സ്വത്തുക്കള്‍ കണ്ടുക്കെട്ടുന്ന നടപടിയിലേക്ക് എന്‍ഫോഴ്സ്മെന്‍റ് കടന്നത്.

നടപടി വസ്തുതകള്‍ക്കും നിയമത്തിനും എതിരാണെന്ന് കാര്‍ത്തി ചിദംബരം ട്വിറ്ററില്‍ കുറിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. പി.ചിദംബരം കേന്ദ്രധനമന്ത്രിയായിരിക്കെ ആ സ്വാധീനം ഉപയോഗിച്ച് മുന്നൂറ്റിയന്‍പത് കോടി രൂപയുടെ നിയവിരുദ്ധ വിദേശനിക്ഷേപം തരപ്പെടുത്തിയെന്നാണ് കേസ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.