
ഒഡീഷയുടേയും ആന്ധ്രയുടേയും തീരങ്ങളില്‍ കനത്ത നാശം വിതച്ച തിത്ലി ചുഴലിക്കാറ്റില്‍ രണ്ടുമരണം. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് മരം കടപുഴകി വീണാണ് രണ്ടുപേര്‍ മരിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി ഒഡീഷ തീരത്താണ് ശക്തിപ്രാപിച്ചത്. ഒഡീഷയിലെ ഗഞ്ചം, ഗജപതി ജില്ലകളിലും ആന്ധ്രയിലെ ശ്രീകാകുളത്തുമാണ് ചുഴലിക്കാറ്റ് കനത്തനാശം വിതച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി, ഒഡിഷ തീരത്ത് കനത്ത നാശമാണ് വിതച്ചത്. മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകിവീണ് വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ആന്ധ്ര, ഒഡീഷ തീരപ്രദേശങ്ങളിലെ റയില്‍ ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. ഗഞ്ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്സിങ്പുര്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.തീരദേശമേഖലകളില്‍നിന്ന് മൂന്ന് ലക്ഷം പേരം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 836 ദുരിതാശ്വാസ ക്യാപുകളും സജ്ജമാണ്. മുന്നൂറോളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. ഗഞ്ജം ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കലക്ടര്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തും കലിംഗപട്ടണത്തും മഴ കാറ്റും അതിശക്തമായിത്തുടരുകയാണ്. മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. 165 കിലോമീറ്റര്‍വരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. സമീപജില്ലകളിലും കനത്തമഴ പെയ്യുന്നുണ്ട്. ദേശീയ ദുരന്തനിവാരണസേനയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒഡീഷയ്ക്കും ആന്ധ്രപ്രദേശിനും പുറമേ, പശ്ചിമ ബംഗാളിലും മിസോറാമിലും കനത്ത മഴയും വെള്ളപൊക്കവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടല്‍ അതീവ പ്രക്ഷുബ്ധമായതിനാല്‍ ബംഗാള്‍ ഉള്‍ക്കടലിലെ കപ്പലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.