സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാന്‍ സിപിഎം ഇടപെടില്ല; നിലപാട് മയപ്പെടുത്തി സിപിഎം

kodiyeri-balakrishnan-cpm
SHARE

ശബരിമലവിധിയിൽ ആദ്യം സ്വാഗതം ചെയ്ത ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുളള രാഷ്ട്രീയപാർട്ടികൾ ചുവടുമാറിയതിന് തൊട്ടുപിന്നാലെ നിലപാട് മയപ്പെടുത്തി സിപിഎം. ദേശാഭിമാനി പ്രതിവാര പംക്തിയില്‍ കോടിയേരി ബാലകൃഷ്ണനാണ് നിലപാട് വൃക്തമാക്കിയത്. സ്ത്രീകളെ ശബരിമലയിലേക്കെത്തിക്കാന്‍ സിപിഎം ഇടപെടില്ലെന്നും താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. കോടതി വിധിയിലൂടെ ലഭിച്ച അവസരം ഇഷ്ടമുള്ളവര്‍ക്ക് ഉപയോഗിക്കാം. കോടതിവിധി വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളംമാറ്റി.സോണിയാഗാന്ധി സുപ്രീംകോടതിവിധിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു. 

വനിതാ പൊലീസിനെ ആവശ്യപ്പെട്ട് ഡി.ജി.പി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോളും ശബരിമലയില്‍ വനിതാ പൊലീസിനെ നിയോഗിക്കാനുറച്ച് സര്‍ക്കാര്‍. വനിതാ പൊലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പോണ്ടിച്ചേരിയടക്കം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ കത്തയച്ചു. അഞ്ഞൂറ് വനിതാ പൊലീസെങ്കിലും സുരക്ഷക്കായി വേണ്ടിവരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

വിവിധ സംഘടനകള്‍ പരസ്യപ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാനുള്ള അതിവേഗ തയാറെടുപ്പിലാണ് പൊലീസ്. തുലാമാസ പൂജക്കായി 18ന് നട തുറക്കുമ്പോള്‍ തന്നെ സ്ത്രീകളെത്തിയേക്കാമെന്ന കണക്കുകൂട്ടലില്‍ സന്നിധാനത്തടക്കം വനിത പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്ന് വനിത പൊലീസിനെ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഓരോ പ്ളറ്റൂണ്‍ പൊലീസിനെയെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ക്ക് കത്തയച്ചത്. അങ്ങിനെയെങ്കില്‍ 150 ലേറെ വനിത പൊലീസുകാരെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കും. ഈ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളെത്തിയെക്കാമെന്നതിനാലാണ് ഇവിടെ നിന്ന് വനിത പൊലീസിനെയും കൊണ്ടുവരുന്നത്. ഇത് കൂടാതെ കേരളത്തില്‍ നിന്നുള്ള നാനൂറിലേറെ വനിത പൊലീസും ശബരിമലയിലെത്തും. വനിത പൊലീസില്‍ ചിലര്‍ക്ക് ശബരിമലക്ക് പോകാന്‍ എതിര്‍പ്പുള്ളതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്. എതിര്‍പ്പുള്ളവരെ ഒഴിവാക്കി ക്യാംപുകളില്‍ നിന്നും വുമണ്‍ ബറ്റാലിയനില്‍ നിന്നും വനിത കണ്ടെത്താനാണ് ഡി.ജി.പിയുടെ നിര്‍ദേശം. സന്നിധാനത്ത് വനിത പൊലീസുണ്ടാകുമെങ്കിലും പതിനെട്ടാംപടിയടക്കം തിരക്ക് കൂടുതലുള്ളയിടങ്ങളില്‍ പുരുഷപൊലീസിന് തന്നെയാവും സുരക്ഷയുടെ പ്രധാന ചുമതല. തിങ്കളാഴ്ചയോടെ പൊലീസ് വിന്യാസത്തില്‍ അന്തിമരൂപമാവും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.