ഇടുക്കിയിൽ വിനോദ സഞ്ചാരം നിയന്ത്രിച്ചു; ചുഴലിക്കാറ്റ് മുന്നറിയിപ്പ്‍: ചെറുതോണി അണക്കെട്ടും തുറന്നേക്കും

cheruthoni-town-flood
SHARE

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി.  ഇന്നു രാവിലെ 10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കും. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം  പ്രവർത്തനം തുടങ്ങും. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ  50000 ലീറ്റർ വെള്ളം, പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം, 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. 

ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും. . കെഎസ്ഇബി ഉദ്യോഗസ്ഥർ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണു ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത്. ഓഗസ്റ്റ്  ഒൻപതിനാണു ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. 30 ദിവസത്തിനു ശേഷമാണു ഷട്ടറുകൾ താഴ്ത്തിയത്.  2387.76 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.  സംഭരണയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 

ന്യൂനമര്‍ദ ഭീഷണിയില്‍ സംസ്ഥാനത്ത് ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നതിനിടെ ഇടുക്കിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. രാത്രിയാത്ര നിരോധനവും ഇന്നു മുതല്‍  പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കലക്ടര്‍ എന്‍.ജീവന്‍കുമാര്‍ അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം.  

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്.   മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ മുപ്പതു സെന്റീമീറ്റർ വീതം ഉയർത്തി. കൽപ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടു. 

അറേബ്യന്‍ സമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം അതീവജാഗ്രതയില്‍ തുടരുകയാണ്. അടുത്ത ബുധനാഴ്ചവരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെ ജലനിരപ്പും,, വൃഷ്ടി പ്രദേശത്തെ മഴയുടെ തോതും നിരന്തരമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയോഗം നിര്‍ദ്ദേശം നല്‍കി. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നുവിടണമെന്ന് കേന്ദ്രജലകമ്മിഷനോട് ആവശ്യപ്പെടും.

ലക്ഷദ്വീപിന് സമീപമാണ് ന്യൂനമര്‍ദ്ദം രൂപമെടുക്കുക . ഞായറാഴ്ചയോടെ ഇത് അതിശ്കതമായ ന്യൂനമര്‍ദ്ദമോ , ചുഴലിക്കൊടുങ്കാറ്റോആയിമാറാം. ഇതിന്റെ ഫലമായി കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാം ജലസംഭരണികളിലെയും ജലനിരപ്പ്, വൃഷ്ടിപ്രദേശത്തെ മഴ എന്നിവ നിരന്തരമായി നിരീക്ഷിക്കാന്‍ വൈദ്യുതി, ജലവിഭവ വകുപ്പുകളോട് ചീഫ്സെക്രട്ടറിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ഡാമുകള്‍ തുറന്നുവിടുകയോ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയോ ചെയ്യണമെങ്കില്‍ജില്ലാ കലക്ടര്‍മാരുടെ അനുവാദം വാങ്ങണം. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയുടെ അടുത്താണ്. 

ഇവയും ക്രമമായി തുറക്കണമെന്ന് കേന്ദ്രജലകമ്മിഷനോട് ആവശ്യപ്പെടും. എല്ലാ ഡാമുകളിലെയും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് സാറ്റലൈറ്റ് ഫോണുകള്‍ ഉടന്‍നല്‍കും. അണക്കെട്ടുകള്‍തുറക്കുന്നത് കടലിലെ വേലിയേറ്റ, വേലിയിറക്കസമയം കണക്കിലെടുത്ത ശേഷ‌മാകണം.  മത്സ്യതൊഴിലാളികളോട് കടലില്‍പോകരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അധിക ദിവസങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോയവര്‍നാളെക്ക് മുന്‍പ് ഏറ്റവും അടുത്ത തീരത്തേക്ക് മടങ്ങണം. 

കാസര്‍ക്കോട്ട് ചുഴലിക്കാറ്റ്

കാസർകോട് നഗരത്തിൽ ശക്തമായ ചുഴലിക്കാറ്റും, മഴയും. അരമണിക്കൂറോളം നീണ്ടുനിന്ന കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് കറ്റും, മഴയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഹാരതാണ്ഡവമാടിയത്. നഗത്തിൽ പതിനഞ്ചു മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. കനത്ത കാറ്റിൽ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവറുകളും പരസ്യ ബോർഡുകളും നിലം പൊത്തി. ചില കെട്ടിടങ്ങളുടെ മേൽക്കൂരകളും പറന്നു പോയി. പാതയോരത്ത് നിർത്തിയിരുന്ന വാഹനങ്ങൾക്ക് മുകളിലേയ്ക്കാണ് ഇവ പതിച്ചത്. മരച്ചില്ലകളും, വൈദ്യുതി ലൈനും റോഡിലേയ്ക്ക് പതിച്ചതോടെ പലസ്ഥലത്തും ഗതാഗതം മുടങ്ങി. നുള്ളിപാടിയിൽ മതപ്രഭാഷണത്തിനായി ഒരുക്കിയിരുന്ന പന്തൽ പാടെ തകർന്നു. നഗരത്തിലുൾപ്പെടെ പല സ്ഥലത്തും വൈദ്യുത ബന്ധം താറുമാറായി. മഴയ്ക്കൊപ്പമെത്തിയ ശക്തിയായ ഇടിയും മിന്നലും പരിഭ്രാന്തി പരത്തി.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.