തീവ്രമഴയെന്ന് മുന്നറിയിപ്പ്: കൂടുതൽ ഡാമുകൾ തുറക്കുന്നു: ജാഗ്രതാനിർദ്ദേശം

flood-kuttanadu-file-photo
SHARE

ന്യൂനമര്‍ദ ഭീഷണിയില്‍ സംസ്ഥാനത്ത് ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നതിനിടെ കൂടുതല്‍ ഡാമുകള്‍ തുറക്കാൻ തീരുമാനം. ഇടുക്കി ചെറുതോണി ‍ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്താന്‍ KSEB തയ്യാറെടുപ്പ് തുടങ്ങി. കക്കയം ഡാം രണ്ടുമണിക്ക് തുറക്കും, കുറ്റ്യാടിപ്പുഴയോരത്ത് ജാഗ്രതാനിര്‍ദേശം. പൊന്മുടി, മാട്ടുപ്പെട്ടി, മലങ്കര ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. പെരിയാര്‍, മുതിരപ്പുഴയാര്‍, തൊടുപുഴയാര്‍ തീരങ്ങളില്‍ ജാഗ്രത വേണം.

ഇടുക്കിയില്‍ ഇന്നു മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. രാത്രിയാത്ര നിരോധനവും ഇന്നു മുതല്‍  പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് കലക്ടര്‍ എന്‍.ജീവന്‍കുമാര്‍ അറിയിച്ചു. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം.  

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മിക്കപ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ്.   മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകൾ മുപ്പതു സെന്റീമീറ്റർ വീതം ഉയർത്തി. കൽപ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടു. അറേബ്യന്‍ സമുദ്രത്തില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനം അതീവജാഗ്രതയില്‍ തുടരുകയാണ്. അടുത്ത ബുധനാഴ്ചവരെ അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലെ ജലനിരപ്പും,, വൃഷ്ടി പ്രദേശത്തെ മഴയുടെ തോതും നിരന്തരമായി നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദുരന്തനിവാരണ അതോറിറ്റിയോഗം നിര്‍ദ്ദേശം നല്‍കി. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകള്‍ തുറന്നുവിടണമെന്ന് കേന്ദ്രജലകമ്മിഷനോട് ആവശ്യപ്പെടും.

പാലക്കാട് ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി

മഴ ശക്തമാകുമെന്ന അറിയിപ്പ് കണക്കിലെടുത്ത് പാലക്കാട് ജില്ലയിലും മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായി മലമ്പുഴ, പോത്തുണ്ടി, മംഗലംഡാം അണക്കെട്ടുകളുടെ ഷട്ടറുകള്‍ വഴി നിശ്ചിത അളവില്‍ വെളളം തുറന്നുവിടുകയാണ്. നെല്ലിയാമ്പതി ഉൾപ്പെടെ മലയോരമേഖലകളിലെ യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  അടിയന്തരസാഹചര്യമുണ്ടായാല്‍ അതാത് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുന്നതിനും നടപടിയായി.

അതിതീവ്രമഴയ്ക്ക് സാധ്യത; എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറന്നു 

അതിതീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് എറണാകുളത്തും മുന്നൊരുക്കങ്ങള്‍ തുടങ്ങി. ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ പി ടി ഷീലാദേവി ഏകോപിപ്പിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. പോലീസ് റവന്യൂ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സേവനം 24 മണിക്കൂറും ഉറപ്പുവരുത്തും. മലങ്കര ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിർത്തുന്നതിനായി  ഡാമിന്റെ ഒരു ഷട്ടർ തുറന്നു. തൊടുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പൊന്മുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതല്‍ ഷട്ടറുകള്‍  ഉയര്‍ത്തുമെന്നും മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 

മലപ്പുറം ജില്ലയിൽ മലയോര മേഖലയിൽ പ്രത്യേക ജാഗ്രതാനിർദേശം

അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പ വന്നതോടെ മലപ്പുറം ജില്ലയിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായ മലയോര മേഖലയിൽ പ്രത്യേക ജാഗ്രതാനിർദേശം. കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, ചാലിയാർ, മമ്പാട് , ഊർങ്ങാട്ടിരി പഞ്ചായത്തുകളിലായി അറുപതിടങ്ങളിലാണ് നേരത്തെ ഉരുൾപൊട്ടലുണ്ടായത്. ആവശ്യമെങ്കിൽ മുൻപ് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിച്ച സ്ഥലങ്ങളിൽ വീണ്ടും ക്യാംപ് തുടങ്ങാൻ സജ്ജമാകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.   

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.