ശമ്പളം പിടിച്ചുവാങ്ങരുത്; തരാത്തവരുടെ പട്ടിക പരസ്യമാക്കരുത്; ആഞ്ഞ് ഹൈക്കോടതി

flood-pinarayi-high-court
SHARE

സാലറി ചാലഞ്ചിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാരുടെ പേരുകൾ പരസ്യപ്പെടുത്തരുതെന്ന് ഹൈക്കോടതി. ശമ്പളം സംഭാവന ചെയ്യാത്തവരുടെ പേരുകൾ പരസ്യപ്പെടുത്തുന്നവർക്കെതിരെ നടപടി വേണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ദുരിതാശ്വാസത്തിന്  നിര്‍ബന്ധമായി ശമ്പളം പിടിച്ചുവാങ്ങുന്നത് ശരിയല്ല. ദുരിതം ബാധിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക ഉണ്ടോയെന്നും കോടതി ആരാഞ്ഞു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം സംഭാവന ചെയ്യാത്തവർക്കെതിരെ സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എൻജിഓ സംഘ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കരുതെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനുശേഷവും ശമ്പളം സംഭാവന ചെയ്യാത്തവരുടെ പട്ടിക തയാറാക്കുന്നത് എന്തിനെന്ന് കോടതി ആരാഞ്ഞു. 

അത്തരത്തിൽ പട്ടിക തയാറാക്കുന്നതും പരസ്യപ്പെടുത്തുന്നതും നിർബന്ധിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ശമ്പളം നൽകാത്തവരുടെ പട്ടിക തയാറാക്കുന്നത് വകുപ്പുകൾക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നും അതിന് രഹസ്യ സ്വഭാവമുണ്ടെന്നും അഡ്വക്കറ്റ് ജനറൽ മറുപടി നൽകി. വകുപ്പിലെ ആഭ്യന്തര കാര്യമാണെങ്കിലും അതിനു പിന്നിൽ എന്തെങ്കിലും ലക്ഷ്യം കാണുമല്ലോയെന്ന് കോടതി ചോദിച്ചു. കേരളം ഒറ്റക്കെട്ടായാണ് പ്രളയത്തെ നേരിട്ടത്. ആ ഐക്യം തകർക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്നും ജീവനക്കാരിൽ നിന്ന് നിർബന്ധപൂർവം ഇടാക്കുന്നത് അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തവരുടെ പട്ടിക തയാറാക്കിയവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.