ആക്രമണമുന മോദിയിലേക്ക് തിരിച്ച് രാഹുല്‍; സിബിഐയും കളത്തില്‍: വിവാദച്ചൂട്

modi-rahul-1
SHARE

വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തൽ ദേശീയ രാഷ്ട്രീയത്തില്‍ കത്തുന്നു. ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കാൻ കോൺഗ്രസ്, ആക്രമണമുന ജയ്റ്റ്ലിയില്‍ നിന്ന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെയാക്കി. മല്യ ഇന്ത്യ വിട്ടതു നരേന്ദ്രമോദിയുടെ അറിവോടെയെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. വിമാനത്താവളത്തിൽ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടിസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള റിപ്പോർട്ട് നോട്ടിസ് ആക്കിയതു സിബിഐ ആണ്. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണു സിബിഐ. ഇത്തരമൊരു പ്രധാന കേസിൽ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐ റിപ്പോർട്ട് മാറ്റില്ല– രാഹുൽ പറഞ്ഞു. 

വിജയ് മല്യ വിവാദത്തില്‍ കോണ്‍ഗ്രസിനും കുരുക്ക് തീര്‍ക്കുന്നതിനിടെയാണ് പുതിയ നീക്കം. യുപിഎ ഭരണകാലത്ത് മല്യയ്ക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാന്‍ നടന്ന ഉന്നത ഇടപെടലുകളെക്കുറിച്ച് സിബിെഎ അന്വേഷണം തുടങ്ങി. മല്യ കടന്നുകളയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിബിെഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മൂന്ന് പൊതുമേഖല ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥരെ സിബിെഎ ചോദ്യം ചെയ്തു.  

ഇന്ത്യവിടുന്നതിന് മുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വിവാദ വെളിപ്പെടുത്തല്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലില്‍ എത്തിനില്‍ക്കുന്നതിനിടയിലാണ് സിബിെഎയുടെ നിര്‍ണായക നീക്കം. യുപിഎ ഭരണകാലത്ത് മല്യയ്ക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കാന്‍ ധനമന്ത്രാലയ ഉദ്യോഗസ്ഥരടക്കം ഉന്നതര്‍ നടത്തിയ ഇടപെടലുകള്‍ വിശദമായി അന്വേഷിക്കും. നിര്‍ണായകരേഖള്‍ ധനമന്ത്രാലയത്തില്‍ നിന്ന് ശേഖരിച്ചു കഴിഞ്ഞു.  പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്ങും ധനമന്ത്രിയായിരുന്ന പി ചിദംബരവും നേരിട്ടിടപ്പെട്ട് മല്യയ്ക്ക് വായ്പ തരപ്പെടുത്തിക്കൊടുത്തുെവന്ന് ബിജെപി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

വിപുലമായ ബിസിനസ് ശൃംഖലയുള്ള, നിരന്തരം വിദേശയാത്രകള്‍ നടത്തുന്ന മല്യ രാജ്യം വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സിബിെഎ പറയുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണവുമായി മല്യ സഹകരിച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഒാഫ് ഇന്ത്യ എന്നീ ബാങ്കുകളിലെ മുന്‍ എം.ഡിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും സിബിെഎ ചോദ്യം ചെയ്തു. മല്യ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ പരിശോധിച്ചു. വായ്പയായി കിട്ടയ പണത്തിന്‍റെ സിംഹഭാഗവും ഏഴു വിദേശരാജ്യങ്ങളിലേയ്ക്ക് മല്യ കടത്തിയെന്നാണ് സിബിെഎ കണ്ടെത്തിയിട്ടുള്ളത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.