ചാരക്കേസ്; നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസെന്ന് ഇ.പി.ജയരാജൻ

jayarajan-nambi-narayanan
SHARE

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കേണ്ടത് കെ.പി.സി.സി പ്രസിഡന്റും കെപിസിസിയുമാണെന്ന് ഇ.പി.ജയരാജന്‍.  കെ.കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സഹപ്രവര്‍ത്തകര്‍ നടത്തിയ ഗൂഢാലോചനയാണ് ഇതെന്ന്  സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഉദ്യോഗസ്ഥര്‍ക്കെതിരെയുളള  അന്വേഷണത്തെ സ്വാഗതം ചെയ്തും സര്‍ക്കാര്‍ രംഗത്തെത്തി. എല്ലാ നിയമവശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. നമ്പി നാരായണനു നല്‍കേണ്ട നഷ്ടപരിഹാര തുകയിലും നിയമാനുസൃതം നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് കോണ്‍ഗ്രസാണ്

കരുണാകരനെതിരെ കേസ് കെട്ടിച്ചമച്ചതാണെന്ന് എം.എം. ഹസന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു. 

ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് സുപ്രീം കോടതി വിധി. ഇതു സംസ്ഥാന സർക്കാർ നൽകണം. കൂടുതൽ നഷ്ടപരിഹാരത്തിനുള്ള കേസ് തുടരുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരന്റെ സ്വാതന്ത്ര്യവും അന്തസും അട്ടിമറിക്കപ്പെട്ടു. കേരള പൊലീസിന്റെ നടപടി ദുരുദ്ദേശ്യപരമെന്നും കോടതി വ്യക്തമാക്കി. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിച്ചത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിൽ നിർണായകമാണ് ഇന്നത്തെ വിധി.

കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള മാർഗവും രീതിയും പരിശോധിക്കാൻ സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷിക്കും. റിട്ട. ജസ്റ്റിസ് ‍ഡി.കെ. ജയിനായിരിക്കും സമിതിയുടെ നേതൃത്വം. കേന്ദ്ര – സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും. സമിതിക്കു സമയപരിധി വ്യക്തമാക്കിയിട്ടില്ല.

നഷ്ടപരിഹാരത്തിനല്ല ആദ്യപരിഗണനയെന്നു നമ്പിനാരായണന്‍ കോടതിയോടു വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നമ്പി നാരായണന്‍ കോടതിയോടു പലതവണ ആവശ്യപ്പെട്ടിരുന്നു. മുൻപ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.

നമ്പിനാരായണനെ മനഃപൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സിബിഐ സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിനു തയാറാണെന്നും പറഞ്ഞു. എന്നാല്‍, സിബിഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാടു വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ അന്വേഷണം പോരേയെന്നും ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍റെ ആവശ്യമില്ലെന്നാണു കോടതി ഇതുവരെ സ്വീകരിച്ച നിലപാട്. നഷ്ടപരിഹാരം ആദ്യം സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണനു നല്‍കണമെന്നും കുറ്റക്കാരെന്നു കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍നിന്നു പിന്നീടു തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍, അന്വേഷണം അപമാനിക്കലാണെന്നാണു സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.