നീതി കിട്ടാതെ മരിച്ചത് അച്ഛന്‍ മാത്രം; ചതിച്ചത് റാവു: കരുതലോടെ മുരളി

k-muraleedharan
SHARE

വിധിയിലൂടെ കെ.കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്ന് മകനും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. കരുണാകരനെ ചതിച്ചത് പി.വി.നരസിംഹറാവുവാണെന്നും അദ്ദേഹം രാജിക്ക് സമ്മര്‍ദം ചെലുത്തിയെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറ‍ഞ്ഞു. 

പിതാവ് കടുത്ത മാനസികപീഡനം അനുഭവിച്ചു. നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരന്‍ മാത്രമാണ്. 

കരുണാകരനെതിരെ ഗൂഢാലോചന നടന്നതിന് തെളിവുകളില്ല. നമ്പി നാരായണന് ഇത് വൈകി കിട്ടിയ അംഗീകാരമാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. 

അച്ഛനെതിരെ കളിച്ചത് അഞ്ചുപേരെന്ന് പത്മജ

കരുണാകരനെ ചാരക്കേസില്‍ കുരുക്കാന്‍ കളിച്ചത് അഞ്ചുപേരെന്ന് മകള്‍ പത്മജ വേണുഗോപാല്‍.  വിശ്വസിച്ച് കൂടെനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിന് എതിരെ നിന്നു. അച്ഛന് നീതികിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോടു പറയും. പാര്‍ട്ടിയുമായും കെ.മുരളീധരനുമായി ചര്‍ച്ച െചയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പത്മജ പറഞ്ഞു.

അമ്മ മരിച്ച് അച്ഛന്‍ തളര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന് നീതി കിട്ടണം. മരണം വരെ അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. ജനങ്ങളുടെ നടുവില്‍ നിന്ന ആള്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. 

അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധി– പത്മജ പറഞ്ഞു. 

പാര്‍ട്ടിയിലെ ആരുടെയും പേര് താന്‍ പുറത്തു പറയില്ലെന്നും പത്മജ പറഞ്ഞു. 

സുപ്രീംകോടതി വിധി ഇങ്ങനെ

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയ്ക്കാണ് അന്വേഷണചുമതല. സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇരുപത്തിനാല് വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്ന നിയമപോരാട്ടത്തെ സുപ്രീംകോടതി അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കണ്ടു. ചാരക്കേസില്‍ നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുപ്പത്തിമൂന്ന് പേജുളള വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. നമ്പിനാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. 

അന്‍പത് ലക്ഷം രൂപ എട്ടാഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാര്‍ കൈമാറണം. കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യമുണ്ടെങ്കില്‍ നമ്പി നാരായണന് സിവില്‍ക്കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയോഗിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ പ്രതിനിധികളെ ശുപാര്‍ശ ചെയ്യാം. മുന്‍ ഡി.ജി.പി...സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.