നീതി പുലര്‍ന്നു; നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം; അന്വേഷണത്തിന് സമിതി

nambi-supremecourt
SHARE

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയ്ക്കാണ് അന്വേഷണചുമതല. സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് എട്ടാഴ്ചയ്ക്കകം അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

ഇരുപത്തിനാല് വര്‍ഷമായി നമ്പിനാരായണന്‍ തുടരുന്ന നിയമപോരാട്ടത്തെ സുപ്രീംകോടതി അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ കണ്ടു. ചാരക്കേസില്‍ നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 33 പേജുളള വിധിന്യായത്തില്‍ എടുത്തുപറഞ്ഞു. നമ്പിനാരായണന്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടത് അത്യാവശ്യമാണ്. 

അന്‍പത് ലക്ഷം രൂപ എട്ടാഴ്ചയ്ക്കകം സംസ്ഥാനസര്‍ക്കാര്‍ കൈമാറണം. കൂടുതല്‍ തുക നഷ്ടപരിഹാരമായി ആവശ്യമുണ്ടെങ്കില്‍ നമ്പി നാരായണന് സിവില്‍ക്കേസുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തേണ്ടതുണ്ട്. അതിനായി സുപ്രീംകോടതി മുന്‍ ജഡ്ജി ഡി.കെ.ജെയിന്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയോഗിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഓരോ പ്രതിനിധികളെ ശുപാര്‍ശ ചെയ്യാം. മുന്‍ ഡി.ജി.പി: സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകണമെന്നായിരുന്നു നമ്പി നാരായണന്‍റെ ആവശ്യം. 

ചരിത്രവിധി; പൊലീസിന്റെ ചിന്ത മാറട്ടെ: നമ്പി നാരായണന്‍ 

ഐസ്ആർഒ ചാരക്കേസിൽ നിര്‍ണ്ണായക വിധിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുൻ ഡിജിപി: സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്ന് നമ്പിനാരായണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. എന്തുചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതിവിധിയില്‍ സന്തോഷമുണ്ട്. 

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് ശിക്ഷതന്നെയാണ്. 

അച്ഛനെതിരെ കളിച്ചത് അഞ്ചുപേര്‍; പേരുകള്‍ പറയാം: പത്മജ

മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ ചാരക്കേസില്‍ കുരുക്കാന്‍ കളിച്ചത് അഞ്ചുപേരെന്ന് മകള്‍ പത്മജ വേണുഗോപാല്‍. വിശ്വസിച്ച് കൂടെനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിന് എതിരെ നിന്നു. അച്ഛന് നീതികിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോടു പറയും. പാര്‍ട്ടിയുമായും സഹോദരൻ കെ.മുരളീധരനുമായി ചര്‍ച്ച െചയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പത്മജ പറഞ്ഞു.

അമ്മ മരിച്ച് അച്ഛന്‍ തളര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന് നീതി കിട്ടണം. മരണം വരെ അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. ജനങ്ങളുടെ നടുവില്‍ നിന്ന ആള്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധി– പത്മജ പറഞ്ഞു. പാര്‍ട്ടിയിലെ ആരുടെയും പേര് താന്‍ പുറത്തു പറയില്ലെന്നും പത്മജ പറഞ്ഞു. 

വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ ഡിജിപി: സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമെന്ന് മുന്‍ ഡിവൈഎസ്പി ജോഷ്വ പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 

ചാരവൃത്തി നടന്നിട്ടുണ്ടെന്നും പക്ഷേ ഐസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന് പങ്കുള്ളതായി അറിയുന്നില്ലെന്നും മുൻ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍. പല കാര്യങ്ങളും  കോടതിയില്‍ നിന്ന് സിബിഐ മറച്ചുവച്ചു. മുൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മകനും പങ്കെന്ന സൂചന വന്നതോടെ അന്വേഷണം വഴിതിരിച്ചു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ പല കാര്യങ്ങളും പുറത്തുവരും. 

നമ്പി നാരായണന് നഷ്ടപരിഹാരം കിട്ടുന്നത് നല്ല കാര്യമെന്നും ശ്രീകുമാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.