ഇന്ത്യ വിടുന്നതിന് മുൻപ് ജെയ്റ്റ്ലിയെ കണ്ടു; വെളിപ്പെടുത്തി മല്യ

vijay-mallya-12
SHARE

ഇന്ത്യ വിടുന്നതിന് മുന്‍പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുെവന്ന് വിവാദ വ്യവസായി വിജയ് മല്യ. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയിരുന്നില്ലെന്നും പാര്‍ലമെന്‍റില്‍വെച്ച് മല്യ സംസാരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അരുണ്‍ ജയ്റ്റ്ലി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ലണ്ടന്‍ കോടതി ഡിസംബര്‍ 10 ന് വിധി പറയും.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് മല്യ ദേശീയ രാഷ്ട്രീയത്തില്‍ വന്‍വിവാദത്തിന് തിരികൊളുത്തിയ വെളിപ്പെടുത്തല്‍ നടത്തിയത്. ജനീവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യ വിട്ടത്. പോകുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വായ്പ തിരിച്ചടവ് ചര്‍ച്ച ചെയ്തതായി മല്യ പറയുന്നു. 

കൂടിക്കാഴ്ച്ച നടത്തിയിട്ടില്ലെന്ന് ജയ്റ്റ്ലി പ്രതികരിച്ചു. എന്നാല്‍ രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് മല്യ പാര്‍ലമെന്‍റില്‍വെച്ച് തന്നെ കാണാനും സംസാരിക്കാനും ശ്രമിച്ചതായി ജയ്റ്റ്ലി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. വായ്പാ തിരിച്ചടവിനെക്കുറിച്ച് പറയാന്‍ ശ്രമിച്ചെങ്കിലും താന്‍ തടഞ്ഞു. ബാങ്കുകളോട് ഇക്കാര്യം സംസാരിക്കേണ്ടതെന്ന് മല്യയോട് നിര്‍ദേശിച്ചതായും ജയ്റ്റ്ലി വ്യക്തമാക്കി. 

കോടികളുടെ തട്ടിപ്പു നടത്തി ഇന്ത്യ വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. മല്യയെ പാര്‍പ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ള മുംബൈ ആര്‍തര്‍ റോഡ് ജയിലിന്‍റെ ദൃശ്യങ്ങള്‍ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതി പരിശോധിച്ചു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.