രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങി: സുപ്രീംകോടതി

supreme-court-t
SHARE

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രൂക്ഷവിമര്‍ശനത്തോടെ സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണ്. സര്‍ക്കാര്‍ നടപടി ജുഡിഷ്യറിയുടെ അധികാരത്തിലേക്കുളള കടന്നുകയറ്റമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസരംഗം അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്ന് കോടതി പറഞ്ഞു.

നൂറ്റിയെണ്‍പത് വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയ സുപ്രീംകോടതി വിധി മറികടക്കാന്‍ പ്രതിപക്ഷ ആശീര്‍വാദത്തോടെ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2016-17 അധ്യയനവര്‍ഷത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ വ്യാജരേഖകള്‍ അടക്കം ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയെന്ന മുന്‍നിലപാടില്‍ കോടതി ഉറച്ചുനിന്നു. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണെന്ന സംസ്ഥാനസര്‍ക്കാര്‍‍ വാദം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തളളി. ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ മറികടക്കാനുളള സര്‍ക്കാര്‍ നീക്കം ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. നേരത്തേ രൂക്ഷവിമര്‍ശനത്തോടെ ഇതേ ബെഞ്ച് ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തിരുന്നു. 

അതേസമയം, കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജിലെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര, മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തിന്‍റെ അവസ്ഥയെ കുറിച്ച് വാചാലനായി. മെഡിക്കല്‍ വിദ്യാഭ്യാസം കച്ചവടമായി മാറി. തലവരിപ്പണം യാഥാര്‍ഥ്യമാണ്. മെഡിക്കല്‍ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനത്തിലും പിഴവുകളുണ്ട്. ഞങ്ങള്‍ നിസഹായരാണെന്നും കോടതി വ്യക്തമാക്കി.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ്  വിഷയത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി  കെ.കെ. ശൈലജ പ്രതികരിച്ചു. കോടതി പറയുന്നതുപോലെ നീങ്ങും. വിധിയെ സ്വാഗതം ചെയ്യുന്നു. ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് കുട്ടികളുടെ ഭാവിയെക്കരുതിയാണ്. നിലനില്‍ക്കുമോ എന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സ്വാശ്രയകൊള്ളക്കാരെ സഹായിക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് കണ്ണൂര്‍ , കരുണ കേസിലെ വിധിയെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരന്‍ കുറ്റപ്പെടുത്തി. നിയമലംഘനം ഒരിക്കലും വിജയിക്കില്ലെന്നതിന്റെ മുന്നറിയിപ്പായി വിധിയെ കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.