വാക്ക് പിന്‍വലിച്ചു; പക്ഷേ ആ സ്ത്രീയോട് മാപ്പുപറയില്ല; പി.സി.ജോർജ്: പൂര്‍ണ വിഡിയോ

കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ച പദത്തിൽ ഖേദപ്രകടനം നൽകിയെങ്കിലും മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. ആരുടെയെങ്കിലും സ്വാധീനത്തിന് വഴങ്ങി, പറഞ്ഞത് മാറ്റിപ്പറയുമെന്ന് കരുതേണ്ടെന്നും അങ്ങനെ പേടിക്കുന്നയാളല്ല താനെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. 

കന്യാസ്ത്രീയോട് മാപ്പുപറയേണ്ട കാര്യമില്ല. കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ കേസ് കൊടുക്കുമെന്നും ജോർജ് പറഞ്ഞു.  ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും ജോർജ് പറഞ്ഞു.  

പി.സി.ജോർജിന്റെ വാക്കുകൾ: 

കേരളത്തിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നയാളാണ് ഞാൻ. മറ്റ് നിരവധി വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ആരുടെയും സ്വാധീനത്തിന് വഴങ്ങി അഭിപ്രായം മാറ്റിപ്പറയുമെന്ന് കരുതേണ്ട. ജോർജിനെ ഭയപ്പെടുത്താമെന്ന് ആരും വിചാരിക്കണ്ട. ഒരു സ്ത്രീക്കുമെതിരെ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് കന്യാസ്ത്രീക്കെതിരെ ഉപയോഗിച്ചത്. അത് പിൻവലിക്കുന്നു. വൈകാരികമായി പറഞ്ഞുപോയതാണ് അതിലെനിക്ക് ദുഖമുണ്ട്. 

ആ വാക്ക് പിൻവലിക്കുന്നത് ആരെയും പേടിച്ചാണെന്ന് കരുതേണ്ട. ആരെയും പേടിയില്ല. നിങ്ങള്‍ പറയുന്ന ഏത് നിയമനടപടിയെയും നേരിടാൻ തയ്യാറാണ്. ആ വാക്കില്‍ മാത്രമാണ് ദുഖം. മറ്റെല്ലാ ആരോപണങ്ങളിലും ഉറച്ചുനിൽക്കുന്നു. തെളിവുകളും കൈവശമുണ്ട്.

ആ സ്ത്രീയെ കന്യാസ്ത്രീ എന്ന് വിളിക്കുന്നത് തെറ്റാണ്. മാന്യതയുണ്ടെങ്കിൽ തിരുവസ്ത്രം ഊരിവെച്ച് സമരത്തിന് പോകണം. കന്യാസ്ത്രീയുടെ കുടുംബം എങ്ങനെയാണ് പണമുണ്ടാക്കിയത്? എവിടുന്നാണ് ഈ പണം? ക്രൈസ്തവ സഭയെ അപമാനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ലോകം മുഴുവനും അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

സഭയുടെ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ട. സഭയെ തകർക്കാമെന്ന് ആരും കരുതേണ്ട. അങ്ങനെ ആരെങ്കിലും ശ്രമിച്ചാൽ ഞാൻ ഇടപെടും.

കന്യാസ്ത്രീയോട് മാപ്പുപറയേണ്ട കാര്യമൊന്നുമില്ല. ഇവരെപ്പോലൊരു സ്ത്രീയോട് എന്തിന് മാപ്പുപറയണം? നല്ല സ്ത്രീയായിരുന്നെങ്കിൽ ആലോചിക്കാമായിരുന്നു. എനിക്കെതിരെ ആരോപണമുന്നയിച്ച കന്യാസ്ത്രീയുടെ സഹോദരനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. വാർത്ത പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസ് കൊടുക്കും. 

ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് അവരങ്ങനെ പറഞ്ഞത്. പിന്നെ പെൺബുദ്ധി പിൻബുദ്ധി എന്നാണല്ലോ. കൂടുതലൊന്നും പറയുന്നില്ല. നോട്ടീസ് കിട്ടിയിട്ട് വിശദമായി പറയാം.