ഗൂഡാലോചന; കന്യാസ്ത്രീകള്‍ക്കെതിരെ അന്വേഷണവുമായി സന്യാസിനിസഭ

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ അന്വേഷണം പ്രഖ്യാപിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് അന്വേഷണം നടത്തുന്നത്.

പ്രത്യേക കമ്മിഷനെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം. കന്യാസ്ത്രീകളുടെ സമരത്തിന് ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടം അന്വേഷിക്കണമെന്നാണ് മറ്റൊരു ആവശ്യം. കന്യാസ്ത്രീകള്‍ താമസിക്കുന്ന മഠത്തിലെത്തുന്നവരെ നിരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്ന്യാസഭയുടെ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

ബിഷപ്പിനെ ബുധനാഴ്ച ചോദ്യം ചെയ്യും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്തര്‍  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് അടുത്ത ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് പൊലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി:  കെ.സുഭാഷ് ബിഷപ്പിന് നോട്ടീസയച്ചു.  അതെസമയം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഒപ്പമാണ് സര്‍ക്കാരെന്നും ശക്തമായ തെളിവുകളോടെ കുറ്റവാളിയെ അറസ്റ്റ് ചെയ്യാനാണ് നീക്കംമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പ്രതികരിച്ചു. മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് ഡി.ജി.പിയും പ്രതികരിച്ചു.

അന്വേഷണപുരോഗതി സംബന്ധിച്ച് നാളെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാനിരിക്കെയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനോട് ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് അയച്ചത്. കോട്ടയത്തുവച്ച് ചോദ്യംചെയ്യലിനുശേഷം മാത്രമായിരിക്കും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുക. സാക്ഷികളുടെയടക്കം മൊഴികളില്‍ വൈരുധ്യമുള്ളതില്‍ വ്യക്ത വരുത്തേണ്ടതുകൊണ്ടും ശാസ്ത്രീയ തെളിവുകളുടെ അഭാവവുമാണ് അന്വേഷണം വൈകിക്കുന്നതെന്നും  കൊച്ചിയില്‍ കേസിന്റെ പുരോഗതി വിലയിരുത്തിയ യോഗത്തിനുശേഷം െഎ.ജി. വിജയ് സാക്കറെ പറഞ്ഞു.

കോട്ടയം എസ്.പി ഹരിശങ്കറും അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷും കൊച്ചിയിലെ യോഗത്തില്‍ പങ്കെടുത്തു. അതേസമയം സര്‍ക്കാര്‍ ഇരയുടെ ഒപ്പമാണെന്നും  പരാതിയില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി ഇ.പി.ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.